Monday, May 20, 2024
spot_img

ഭാരതീയ ആത്മീയ ചിന്തയ്‌ക്ക് പുത്തൻ നിർവചനങ്ങൾ നൽകിയ സന്യാസിവര്യൻ”; ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി

ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി. ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ.ഭാരതീയ ആത്മീയ ചിന്തയ്ക്ക് പുത്തൻ നിർവചനങ്ങൾ നൽകിയ സന്യാസിവര്യനാണ് പരമഹംസർ. ബംഗാളിലെ ദക്ഷിണകാളീശ്വർ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം, തന്റെ ആത്മീയത നിറഞ്ഞ സ്വഭാവവും തുടർച്ചയായി സ്വലതയാലും പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും, ഒരുപാടു പേർക്ക് ആത്മീയ ജ്ഞാനം പകരുകയും ചെയ്തു. 

ഗദാധർ ചതോപാദ്ധ്യായ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കമർപുക്കൂർ എന്ന ഗ്രാമത്തിൽ നിർദ്ധനരായ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശ്രീരാമകൃഷ്ണ പരമഹംസർ ജനിച്ചത്. സാധാരണ സ്‌കൂൾ വിദ്യാഭ്യാസം നടത്തിയിരുന്ന പരമഹംസർ, തനിക്ക് ജോലി ലഭിക്കാൻ പാകത്തിനുള്ള വിദ്യാഭ്യാസം വേണ്ട എന്ന് പറഞ്ഞു അത് ത്യജിക്കുകയായിരുന്നു. ബംഗാളി ഭാഷയിൽ എഴുത്തും വായനയും വശമായിരുന്ന പരമഹംസർ, താൻ പരിചയപ്പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ നിന്ന് രാമായണത്തിലും മഹാഭാരതത്തിലും പാണ്ഡിത്യം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ശേഷി കൂടുതൽ മോശമാകയാൽ, ബംഗാളിലേക്ക് പോയ അദ്ദേഹത്തിന്റെ ജ്യേഷ്ഠനോപ്പം പൂജാരി ആയി പ്രവർത്തിക്കാൻ ആരംഭിച്ചു.

ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ജ്യേഷ്ഠനെ സഹായിക്കുകയായിരുന്ന പരമഹംസർ, ജ്യേഷ്ഠന്റെ മരണശേഷം മുഖ്യ പൂജാരിയായി ചുമതല ഏറ്റെടുക്കുകയായിരുന്നു. കാളി മാതാവിന്റെ കടുത്ത ഭക്തനായിരുന്നു പരമഹംസർ. ഒരു തവണയെങ്കിലും കാളീമാതാവിന്റെ ദർശനം ലഭിച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഇതിനായി കഠിന തപസ്സനുഷ്ടിച്ചിട്ടും ദർശനം ലഭിച്ചില്ല. അങ്ങനെ അദ്ദേഹം മരണം വരിക്കാൻ ആരംഭിച്ചപ്പോൾ കാളീമാതാവ് വിശ്വരൂപിണിയായി പരമഹംസരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ലൗകിക ജീവിതത്തോട് വിരക്തി കാട്ടിയിരുന്ന പരമഹംസർ, കുടുംബക്കാരുടെ ആവശ്യപ്രകാരം വിവാഹത്തിന് തയ്യാറാകുകയായിരുന്നു. തനിക്കായി ജനിച്ച വധു ജയറമ്പതി എന്ന സ്ഥലത്ത് ഉണ്ടെന്ന് അദ്ദേഹം പറയുകയും, അവരെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ സമയത്ത് പരമഹംസർക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം.

അദ്ദേഹത്തിന്റെ വധു ശാരദാമണിയ്‌ക്ക് അഞ്ച് വയസ്സും. എന്നാൽ, ശാരദാമണിയ്‌ക്ക് പരമഹംസർ ദൈവതുല്യനായിരുന്നു. അതിനാൽ തന്നെ അവർ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു.
പൂർണ്ണമായും സന്യാസിയായിരുന്ന പരമഹംസർ വിവാഹിതനെങ്കിലും, ദാമ്പത്യ ജീവിതം നയിച്ചിരുന്നില്ല. ഒരുപാട് ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന പരമഹംസരുടെ പ്രശസ്തനായ ശിഷ്യനാണ് സ്വാമി വിവേകാനന്ദൻ. സമാധി അടയുന്നതിന് മുൻപ് തന്റെ ആത്മീയമായ ശക്തികൾ എല്ലാം തന്നെ സ്വാമി വിവേകാനന്ദന് പകർന്നു കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. 1886 ഓഗസ്റ്റ് 16ന് ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായി. അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ പ്രാവർത്തികമാക്കാൻ സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ഗംഗാനദിയുടെ പടിഞ്ഞാറെ തീരത്ത് ബേലൂരിൽ രാമകൃഷ്ണമഠം എന്ന പേരിൽ ഒരു സന്യാസി സംഘം ആരംഭിച്ചു. 1901 ജനുവരി 30നാണ് സന്യാസിമാർ മാത്രം ഉൾപ്പെട്ട ഒരു ട്രസ്റ്റായി ഇത് രജിസ്റ്റർ ചെയ്തത്

Related Articles

Latest Articles