Sunday, May 19, 2024
spot_img

‘അതാണ്ടാ നമ്മ രജനി സ്റ്റൈല്‍‘, 72 ലും തിളങ്ങി സ്റ്റെല്‍ മന്നൻ; ഇന്ത്യന്‍ സിനിമയുടെ തലൈവന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ;ആഘോഷരാവുകൾക്കൊപ്പം സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് രജനി ഫാന്‍ മൻട്രങ്ങള്‍

ചെന്നൈ: തമിഴകത്തിന്റെ പ്രിയപ്പെട്ട ‘തലൈവന്‍’ രജനീകാന്തിന്റെ ജന്മദിനമാണ് ഇന്ന്. പ്രിയ നായകന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകരും തയ്യാറെടുപ്പിലാണ്. രജനി ഫാന്‍ മൻട്രങ്ങള്‍ ഇന്നത്തേക്ക് വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നാണ് വിവരം. രജനീകാന്ത് എന്ന പ്രതിഭാശാലിയായ നടന്റെ അഭിനയജീവിതം അണ്ണാത്തേ വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ. ഇപ്പോള്‍ തന്നെ ട്വിറ്ററില്‍ #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്. ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളുമാണ് രജനികാന്തിന് പിറന്നാളാശംസകളറിയിച്ച് രംഗത്തെത്തുന്നത്.

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല.
കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലാണ് സിനിമാസ്വാദകര്‍ രജനിയെ കണ്ടത്. എന്നാൽ 1980കളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രജനിയുടെ വളര്‍ച്ചയ്ക്കും കോളിവുഡ് സാക്ഷ്യം വഹിച്ചു. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി സ്റ്റൈല്‍‘ എന്ന് അദ്ദേഹത്തിന്‍റെ ആരാധകർ പറയും. കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്‍റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനിയിലെ നടന്‍ കൈമുതലാക്കിയത്

Related Articles

Latest Articles