Tuesday, May 14, 2024
spot_img

ഇനിയും ദൂരൂഹത മാറാത്ത മരണം; ഇന്ന് സുബാഷ് ചന്ദ്രബോസിന്റെ ചരമദിനം

“എനിക്ക് രക്തം തരൂ, ഞാൻ സ്വാതന്ത്ര്യം തരാം” ഒരു ഇന്ത്യൻ പൗരന് ഒരിക്കലും മറക്കാനാവില്ല ഈ വാക്കുകൾ. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ വീര പടനായകൻ, ജനഹൃദയങ്ങളെ കോരിത്തരിപ്പിച്ച വിപ്ലവകാരി, ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ പട പൊരുതിയ ധീര ദേശാഭിമാനി, നേതാജി സുഭാഷ് ചന്ദ്ര ബോസ്. ഔദ്യോഗികമായി ഇന്ന് അദ്ദേഹത്തിന്റെ ചരമദിനമാണ്. പക്ഷെ ഇനിയും ദുരൂഹമാണ് ആ മരണവും തീയതിയും. അദ്ദേഹം മരിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും വേഷപ്രച്ഛന്നനായി അദ്ദേഹം ജീവിച്ചിരുന്നു ഏറെക്കാലം എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

‘എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസം. ആയുധശക്തികൊണ്ടും ചോരചിന്തിയും നമ്മള്‍ സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു. ഇന്ത്യ മോചിക്കപ്പെട്ടു കഴിയുമ്പോള്‍ സ്വതന്ത്ര ഇന്ത്യ ഒരു സ്ഥിരം സൈന്യത്തെ സംഘടിപ്പിക്കേണ്ടതായി വരും. നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കും കാത്തുരക്ഷിക്കേണ്ടത് അവയുടെ ധര്‍മവും കര്‍ത്തവ്യവുമായിരിക്കും’. 1943 ജൂലൈ അഞ്ചിന് സിംഗപ്പൂര്‍ ടൗണ്‍ ഹാളിന്റെ മുന്നിലെ വിശാലസ്ഥലത്ത് സമരവ്യൂഹങ്ങളായിച്ചമഞ്ഞ് നിലയുറപ്പച്ച ഐഎന്‍എ സേനാവൃന്ദത്തെ സൈന്യാധിപവേഷത്തില്‍ പരിശോധന നടത്തിയ ശേഷം സുബാഷ് ചന്ദ്ര ബോസ് എന്ന നേതാജി പറഞ്ഞ വാക്കുകൾ ആണിത്.

അതിന് തലേദിവസം മാത്രമാണ് ഇന്ത്യന്‍ സ്വതന്ത്ര ലീഗിന്റെ പൊതുസമ്മേളനത്തില്‍വച്ച് ആ പ്രസ്ഥാനത്തിന്റെ നേതൃത്വം റാഷ്ബിഹാരി ബോസ് നേതാജിക്ക് കൈമാറിയത്. ഗാന്ധിജിയുമായും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും ഉടലെടുത്ത കടുത്ത ആശയഭിന്നത മൂലം ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ച സുഭാഷ് ചന്ദ്ര ബോസ്, കിഴക്കൻ ഏഷ്യയിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയായിരുന്നു. അവിടെ വച്ചാണ് അദ്ദേഹം ഐഎൻഎയെ ഏറ്റെടുക്കുന്നതും കരുത്തുറ്റ ഒരു സേനയാക്കി മാറ്റുന്നതും.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ രൂപംകൊണ്ട് സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐഎൻഎ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തിനെതിരെ ജപ്പാനുമൊത്ത് പോരാട്ടം നയിക്കാൻ ഐഎൻഎയ്ക്ക് സാധിച്ചു. സഹന സമരത്തില്‍ നിന്ന് മാറി ബ്രിട്ടീഷ് ഭരണത്തെ തകർക്കാനും സ്വാതന്ത്ര്യം നേടാനും സൈന്യത്തെ ഉപയോഗപ്പെടുത്തണമെന്ന ചിന്തയിൽ നിന്നാണ് ഐഎൻഎയുടെ പിറവി.

1941 ഡിസംബർ എട്ടിന് ജപ്പാനും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിൽ ശത്രുത തുടങ്ങിയപ്പോൾ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ മോചനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കാമെന്ന പ്രതീക്ഷയിൽ റാഷ് ബിഹാരി ബോസ് ഇതിനോട് യോജിച്ചു. ഗ്രേറ്റർ ഈസ്റ്റ് ഏഷ്യൻ കോ-പ്രോസ്പിരിറ്റി സ്ഫിയർ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ജാപ്പനീസ് സൈനിക ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച് കൊണ്ടാണ് ബോസ് പ്രവർത്തനവും തുടങ്ങിയത്.

മലയയിൽ നിന്നും സിംഗപ്പൂരിൽ നിന്നും ബ്രിട്ടനെ ജാപ്പനീസ് സൈന്യം തുടച്ചുനീക്കിയപ്പോൾ, ബ്രിട്ടീഷുകാർക്കെതിരെ ജാപ്പനീസ് സൈന്യത്തോടൊപ്പം പോരാടിയ ഇന്ത്യൻ യുദ്ധത്തടവുകാർ ചേർന്ന് ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) രൂപീകരിക്കുകയായിരുന്നു. ഇവെയ്ച്ചി ഫുജിവാറ എന്ന ജപ്പാന്‍ പട്ടാളക്കാരന്റെ പിന്തുണയോടുകൂടി മോഹന്‍ സിംഗിന്റെ നേതൃത്വത്തിലാണ് കിഴക്കന്‍ ഏഷ്യയില്‍ ഐഎൻഎ പിറക്കുന്നത്. ഇന്ത്യന്‍ സ്വതന്ത്ര ലീഗിനെ റാഷ്ബിഹാരി ബോസും ഐഎന്‍എയെ മോഹന്‍ സിംഗും നയിച്ചു.

“ഹബീബ്, എന്റെ അവസാനം ഇതാ വളരെ അടുത്തിരിക്കുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഞാനിപ്പോള്‍ മരിക്കുന്നതും. നിങ്ങൾ പോയി എന്റെ നാട്ടുകാരോടു പറയണം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാന്‍. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും – എത്രയും പെട്ടെന്ന്!.”ധീരമായ ഒരു ജീവിതത്തിന്റെ അന്ത്യത്തിൽ നേതാജി സഹപ്രവർത്തകൻ മേജർ ഹബീബ് റഹ്മാനോട് പറഞ്ഞ വാക്കുകളാണ് മേലുള്ളത്. പക്ഷെ ആ മരണം ലോകം വിശ്വസിച്ചില്ല എന്നതാണ് വാസ്തവം.

Related Articles

Latest Articles