ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ദാര്‍ശനിക ഗരിമ വിളിച്ചോതിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ഇന്ന്.ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാൽപ്പത് വയസ്സ് പോലും തികയ്ക്കാതെ, സ്വാമി വിവേകാനന്ദന്‍ എന്ന മനുഷ്യസ്‌നേഹി കടന്നുപോയി.ലോകത്ത് എല്ലാ മനുഷ്യരേയും തുല്യതയോടുകൂടി കാണുന്ന വിശ്വമാനവികതയാണ് സ്വാമി വിവേകാനന്ദൻ ഉയർത്തിപ്പിടിച്ചത്.
ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും വിദേശങ്ങളിലും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സ്വാമിജിക്ക് സാധിച്ചു.സ്വാമി വിവേകാനന്ദന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത് കേവലം ഒരു സംബോധന കൊണ്ടാണ്.‘അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരേ’ എന്ന വിവേകാനന്ദന്റെ വിളിയിലൂടെ ഭാരതത്തിന്റെ മാഹാത്മ്യം ലോകം തിരിച്ചറിയുകയായിരുന്നു.
കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്‌കാരിക സമ്പന്നതാ ബോധത്തെ ചിക്കാഗോ പ്രസംഗത്തിലൂടെ സ്വാമി വിവേകാനന്ദന്‍ ഇളക്കി പ്രതിഷ്ഠിച്ചു.”ധീരമായി മരിക്കുന്നത് ഭയന്നു ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണെന്നും,സത്യത്തിനുവേണ്ടി എന്തും ബലി കഴിക്കാം,എന്നാൽ എന്തിനെങ്കിലും വേണ്ടി സത്യം ബലികഴിക്കപ്പെടാന്‍ പാടില്ല” എന്നുള്ള വാക്കുകൾ കൊണ്ട് യുവഹൃദയങ്ങളെ അദ്ദേഹം ജ്വലിപ്പിച്ചു.ഇന്ത്യയുടെ ജീവരക്തം ആധ്യാത്മികതയാണെന്നാണ് സ്വാമി തന്റെ രാജ്യത്തെ പഠിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യൻ സംസ്‌കാരത്തെ ഉയർത്തിപ്പിടിച്ച യുവസന്യാസി സ്വാമിവിവേകാനന്ദൻ എന്നും യുവത്വത്തിന്റെ പ്രതീകമാണ്.

