Tuesday, September 22, 2026

കള്ളില്‍ കഞ്ചാവിന്റെ അംശം; പത്തനംതിട്ടയിലെ മൂന്ന് കള്ളുഷാപ്പുകള്‍ പൂട്ടി

പത്തനംതിട്ട; കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിന് തുടര്‍ന്ന് പത്തനംതിട്ടയിലെ മൂന്ന് കള്ളുഷാപ്പുകള്‍ പൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശം. രാസപരിശോധന ഫലത്തിലാണ് കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. പത്തനംതിട്ട റേഞ്ചില്‍ ടി.എസ്. 16 പരിയാരം, ടി.എസ്. 12 തറയില്‍മുക്ക്, കോന്നി റേഞ്ചില്‍ ടി.എസ്. ഏഴ് പൂങ്കാവ് എന്നീ ഷാപ്പുകള്‍ക്കാണ് പൂട്ടുവീണത്.

രണ്ടാഴ്ചമുമ്പ് ഇവിടെനിന്നുള്ള കള്ളിന്റെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കായി തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. പരിശോധനയില്‍ കഞ്ചാവ് ഓയിലിന്റെ അംശം ഉള്‍പ്പെട്ട കനാബിനോയ്ഡ് എന്ന നിരോധിത മയക്കുമരുന്നിന്റെ സാന്നിധ്യം ഇവിടെനിന്നു ശേഖരിച്ച കള്ളില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന്റെ നടത്തിപ്പുകാര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

ഷാപ്പുകളുടെ ഉടമകളായ കോഴഞ്ചേരി മെഴുവേലി അജിഭവനത്തില്‍ എ.ജെ.അജി, പീരുമേട് കൊക്കയാര്‍ കാക്കനാട് വീട്ടില്‍ റെജി ജോര്‍ജ്, കുമ്പഴ ആലുനില്‍ക്കുന്നതില്‍ കുഞ്ഞുമോന്‍, മാനേജര്‍മാരായ കൊല്ലം തൃക്കടവൂര്‍ ഇടവിനാട്ട് ചന്ദ്രന്‍, ഇലന്തൂര്‍ കിഴക്കേതില്‍ അനിലാല്‍, കോന്നി മങ്ങാരം വെളിയത്ത് മേലേതില്‍ രാജുക്കുട്ടന്‍ എന്നിവര്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. ജില്ലയിലെ മറ്റു കള്ളുഷാപ്പുകളിലും ഇതുസംബന്ധിച്ച പരിശോധന നടന്നുവരികയാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജി.മുരളീധരന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടൂര്‍ റേഞ്ചിലെ അഞ്ചു ഷാപ്പ് എക്‌സൈസ് പൂട്ടിച്ചിരുന്നു.

Related Articles

Latest Articles