കൊച്ചി: ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും നാഷണല്‍ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്‌റാന്‍ ഹാഷീമിന്റ ആശയങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്ന പാലക്കാട് കൊല്ലംകോട് അക്ഷയ നഗറില്‍ റിയാസ് അബൂബക്കറിനെ (28) ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. ഇയാൾ രണ്ടു ദിവസമായി കസ്‌റ്റഡിയിലായിരുന്നു. ഇന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാള്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ കുറ്റപ്രകാരമാണ് അറസ്റ്റ്. സഹ്‌റാന്റെ പ്രഭാഷണങ്ങളും വീഡിയോകളും കഴിഞ്ഞ ഒരു വര്‍ഷമായി റിയാസ് പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്തു.
നേരത്തെ ഐസിസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷീദുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വളപട്ടണം ഐസിസ് കേസില്‍ പ്രതിയും സിറിയയില്‍ കഴിയുന്ന അബ്ദുള്‍ ഖയൂം എന്നയാളുമായി നിരന്തരം ഓണ്‍ലൈന്‍ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കസ്‌റ്റഡിയിലുള്ള മറ്റ് നാലു പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

