ലണ്ടൻ : റഷ്യയിൽ അപ്രതീക്ഷിതമായി ഉണ്ടായ വിമത നീക്കം ബെലാറസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് ഉപേക്ഷിച്ച ശേഷം പൊതുയിടത്തിൽനിന്ന് അപ്രത്യക്ഷരായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ. വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിൻ അട്ടിമറി നീക്കത്തിൽനിന്നു പിന്മാറി ദിവസങ്ങൾക്കു ശേഷവും റഷ്യയുടെ സൈനിക മേധാവി വെലാരി ഗെരാസിമോവിനെ പൊതുയിടത്തിൽ ഇതുവരെയും കണ്ടില്ല.
റഷ്യയുടെ മൂന്ന് ന്യൂക്ലിയർ ബ്രീഫ്കേസുകളിൽ ഒന്നിന്റെ ഉടമ കൂടിയാണ് അറുപത്തിയേഴുകാരനായ ഗെരാസിനോവ്. യുക്രെയിനുമായുള്ള യുദ്ധത്തിൽ റഷ്യൻ പടയെ നയിച്ചത് ഗെരാസിമോവാണ്. യുക്രെയിനിലെ റഷ്യൻ സേനയുടെ ഡപ്യൂട്ടി കമാന്ഡറും സിറിയൻ സംഘർഷങ്ങളിലെ സൂത്രധാരനുമായ ജനറൽ സെർജി സുറോവിക്കും പൊതുവിടങ്ങളിൽനിന്നു അപ്രത്യക്ഷനായിരിക്കുകയാണ്. വിമത നീക്കത്തിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നതിൽ അന്വേഷണം നടക്കുന്നതായും സുറോവിക്കിൻ അറസ്റ്റിലായെന്നും വാർത്തകൾ പ്രചരിക്കുകയാണ്. എന്നാൽ ഇത്തരം ഊഹാപോഹങ്ങളെ റഷ്യൻ ഭരണകൂടം തള്ളിക്കളഞ്ഞു. റഷ്യയുടെ സൈനികതലത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഗെരാസിനോവിനെ താഴെയിറക്കാനായി പ്രിഗോഷിൻ മെനഞ്ഞ തന്ത്രമാണ് ആഭ്യന്തര കലാപമെന്നാണു സൈനിക വിദഗ്ധരുടെ വിലയിരുത്തൽ.
റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തുവരെ മുന്നേറിയ ശേഷമാണ് ശേഷമാണ് ബെലാറസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി വിമത സേന പിന്തിരിഞ്ഞത്. നേരത്തെ വാഗ്നർ സേന പിടിച്ചെടുത്ത റോസ്തോവ് നഗരത്തിലെ സൈനിക ആസ്ഥാനവും വിട്ടുകൊടുത്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്. റഷ്യൻ സേനയ്ക്കൊപ്പം യുക്രെയ്നിലെ യുദ്ധം തുടരാൻ വാഗ്നർ പോരാളികളോടു നേതാവ് യെവ്ഗിനി പ്രിഗോഷിൻ ആഹ്വാനം ചെയ്തു. കലാപത്തിനു ശ്രമിച്ചതിനു പ്രിഗോഷിനും പടയ്ക്കുമെതിരെ നടപടിയുണ്ടാകില്ലെന്നു റഷ്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിഗോഷിൻ ബെലാറസിലേക്ക് കടന്നതായി റിപ്പോർട്ടുണ്ട്.

