ഗുവാഹാട്ടി: വടക്കേ സിക്കിമിലെ ചാറ്റെനിൽ ഇന്നലെ വൈകുന്നേരമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കാണാതായ ഒമ്പത് പേർക്കായുള്ള തിരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.
അസം, അരുണാചൽ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിനുപേരെ മാറ്റിപ്പാർപ്പിച്ചു. ബ്രഹ്മപുത്ര, ബരാക് ഉൾപ്പെടെ പത്ത് പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിൽ കരകവിഞ്ഞൊഴുകുകയാണ്.
അസമിൽ മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിച്ചതായാണ് ഔദ്യോഗികമായി സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ലാചുങ്ങിൽ കുടുങ്ങിക്കിടന്ന 1600 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
അരുണാചലിലെ കെയി പാന്യോർ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്തമഴയിൽ ഒഴുകിപ്പോയി. അരുണാചലിൽ മണ്ണിടിച്ചിലിൽ വാഹനം കൊക്കയിൽവീണ് ഗർഭിണികളടക്കം ഏഴുപേർ മരിച്ചു. അസമിലെ 15 ലധികം ജില്ലകളിലായി 78,000-ൽ മഴക്കെടുതിയിലാണ്.

