Saturday, June 1, 2024
spot_img

ചീഫ് എൻജിനീയർ തസ്തിക ചെന്നൈയിലേക്ക് മാറ്റിയ നടപടി പിൻവലിച്ചു : ഉത്തരവ് പുറത്തിറങ്ങി

പത്തനംതിട്ട : കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റിയ നടപടി റെയിൽവേ ബോർഡ് ഇടപെട്ട് റദ്ദാക്കി. ചീഫ് എൻജിനീയർ ആകെയുള്ള 2 ചീഫ് എൻജിനീയർ തസ്തികകളിലൊന്നു ചെന്നൈയിലേക്കു മാറ്റിയ നടപടിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസറും ചീഫ് എൻജിനീയർ (സൗത്ത്) വരുന്ന ജൂൺ മാസം വിരമിക്കുകയാണ് ഇതിനിടെ ചീഫ് എൻജിനീയറെ (നോർത്ത്) ചെന്നൈ നിർമ്മാണ വിഭാഗം ഓഫീസിലേക്ക് മാറ്റുന്നതോടെ കേരളത്തിലെ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറയുമെന്നാണ് ആശങ്കപ്പെട്ടിരുന്നത്.
ചെന്നൈയിലെ നിർമാണ വിഭാഗം ഓഫിസിൽ 6 ചീഫ് എൻജിനീയർമാരുടെ തസ്തിക നിലവിലുള്ളപ്പോഴാണ് കേരളത്തിന്റെ തസ്തികകൂടി അവിടേക്കു മാറ്റാൻ നീക്കം നടന്നത്. 6 ചീഫ് എൻജിനീയർമാർക്കുള്ള പണി തന്നെ തമിഴ്നാട്ടിൽ ഇല്ലെന്നാണ് ആരോപണം. എറണാകുളം മുതൽ മംഗളൂരു വരെയുള്ള പണികളാണു ചീഫ് എൻജിനീയർ (നോർത്ത്) മേൽനോട്ടത്തിൽ നടക്കുന്നത്.

എറണാകുളം മുതൽ തിരുനെൽവേലി വരെയുള്ള നിർമാണ ജോലികളാണ് ചീഫ് എൻജീനിയർ (സൗത്ത്) മേൽനോട്ടത്തിൽ ചെയ്യുന്നത്. എറണാകുളം–തുറവൂർ, തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ, നേമം ടെർമിനൽ നിർമാണം,എറണാകുളം–ഷൊർണൂർ മൂന്നും നാലും പാത, കൊല്ലം, തിരുവനന്തപുരം, വർക്കല, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷൻ നവീകരണ പദ്ധതികൾ തുടങ്ങിയ പദ്ധതികൾ കേരളത്തിലുണ്ടെന്നിരിക്കെ ഉദ്യോഗസ്ഥരെ കുറയ്ക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കും എന്ന് ആരോപണമുയർന്നിരുന്നു. നേരത്തെയുള്ള ഉത്തരവ് റദ്ദാക്കിയെന്നു കാണിച്ചുള്ള പുതിയ ഉത്തരവ് ഇന്നു പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles