കണ്ണൂർ: എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡി ആർ ഐ. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. മുഖ്യപ്രതി തില്ലങ്കേരി സ്വദേശി സുഹൈലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണത്തോടെ പിടിയിലായ കൊൽക്കത്ത സ്വദേശിനി സുറാബി ഖാത്തൂണിന്റെ മൊഴിയിൽ നിന്നാണ് മുഖ്യപ്രതി സുഹൈൽ ആണെന്ന വിവരം ഡി ആർ ഐ ക്ക് ലഭിക്കുന്നത്. സുഹൈലിനെയും സുറാബിയെയും അന്വേഷണം ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും.
സുഹൈൽ കഴിഞ്ഞ പത്തുവർഷമായി സ്വർണ്ണക്കടത്ത് നടത്തിവരികയായിരുന്നു എന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഇയാൾ എയർ ഹോസ്റ്റസുമാരെ അടക്കം നിരവധിപേരെ റിക്രൂട്ട് ചെയ്തിരുന്നു. അഞ്ച് എയർഹോസ്റ്റസുമാർ ഇയാളെ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിമാന ജീവനക്കാർ കേസിൽ അറസ്റ്റിലായേക്കും. എയർഹോസ്റ്റസുമാരുടെ ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തുന്നത് തന്നെയായിരുന്നു സുഹൈലിന്റെ സംഘത്തിന്റെ പ്രവർത്തന രീതി. 30 കിലോ സ്വർണ്ണം ഇയാൾ ഇപ്രകാരം കടത്തിയതായി സൂചനയുണ്ട്.
നേരത്തെ സുഹൈൽ സൗഹൃദം സ്ഥാപിച്ച് സ്വർണക്കടത്തിന് നിർബന്ധിച്ച ഒരു എയർഹോസ്റ്റസ് നൽകിയ വിവരമനുസരിച്ചാണ് ഡി ആർ ഐ സുഹൈലിനെ കുടുക്കിയത്. സ്വർണ്ണക്കടത്ത് നടത്തണമെന്ന സുഹൈലിന്റെ ആവശ്യത്തിന് വഴങ്ങാത്തതിനെ തുടർന്ന് എയർ ഹോസ്റ്റസിന് പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവർ അധികൃതർക്ക് വിവരം കൈമാറിയത്.

