Saturday, December 27, 2025

ട്രക്കിംഗും സാഹസികതയും ഓഫ് റോഡ് റൈഡും നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? എങ്കിൽ മൂന്നാറിലെ എക്കോ പോയിന്റിലേയ്ക്ക് ഒരു യാത്ര പോവാം

ട്രക്കിംഗും സാഹസികതയും ഓഫ് റോഡ് റൈഡും ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന സ്ഥലമാണ് മൂന്നാറിലെ എക്കോ പോയിന്റ്.

സഞ്ചാരികള്‍ക്ക് പ്രായഭേദമന്യേ ആസ്വദിക്കാന്‍ പറ്റുന്ന ഇടമാണ് എക്കോ പോയിന്റ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ ശിശുക്കളെപ്പോലെ ആര്‍ത്തുവിളിക്കുന്നതും അതിന്റെ പ്രതിധ്വനിയില്‍ ആവേശം കൊള്ളുന്നതും പതിവുകാഴ്ച്ചയാണ്. പ്രകൃതി തന്നെ ഇവിടെ സൃഷ്ടിക്കപ്പെടുന്ന ശബ്ദത്തെ പ്രതിഫലിപ്പിക്കുമെന്നത് തന്നെയാണ് സവിശേഷത.

മൂന്നാറില്‍ നിന്നും വെറും 13 കിലോ മാത്രം അകലെയാണ് എക്കോ പോയിന്റ് സ്ഥിതി ചെയ്യുന്നത്. യുവസഞ്ചാരികള്‍ക്കിടയിലാണ് ഇവിടം കൂടുതല്‍ പ്രശസ്തം. മനോഹരമായ തടാകത്തിന്റെ തീരത്ത് എത്തി നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്.

തടാകക്കരയില്‍ സമയം ചെലവഴിക്കാനും അല്‍പ്പ നേരത്തേയ്ക്ക് എങ്കിലും കുട്ടിക്കാലത്തേയ്ക്ക് മടങ്ങിപ്പോകാനും ആഗ്രഹമുള്ളവര്‍ക്ക് ധൈര്യമായി എക്കോ പോയിന്റില്‍ എത്താം. 600 അടി ഉയരത്തിലുള്ള എക്കോ പോയിന്റില്‍ അല്‍പ്പം സാഹസിക നടത്തത്തിനുള്ള സൗകര്യവുമുണ്ട്.

മൂന്നാര്‍-കൊടൈക്കനാല്‍ റോഡിലെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് എക്കോ പോയിന്റ്. 1700 മീറ്റര്‍ ഉയരത്തിലുള്ള ടോപ് സ്റ്റേഷന്‍ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. വെണ്മേഘങ്ങള്‍ കയ്യെത്തും ദൂരെത്താണെന്ന പ്രതീതിയും ടോപ് സ്റ്റേഷനെ ആകര്‍ഷകമാക്കുന്നു. എക്കോ പോയിന്റില്‍ പോകുന്നവര്‍ക്ക് സമീപത്തുള്ള മാട്ടുപ്പെട്ടി ഡാമും സന്ദര്‍ശിക്കാം.

Related Articles

Latest Articles