Thursday, October 8, 2026

ശസ്ത്രക്രിയയെ തുടർന്ന് മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ കോമയിലായി! തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവിന് പരാതി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ആശിപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവിന് പരാതി. പരാതിയിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എസ് പി മെഡി ഫോർട്ട് ആശുപത്രിക്കെതിരെയാണ് പരാതി. മുൻ ജില്ലാ കളക്ടറും, പി ആർ ഡി ഡയറക്ടറുമായിരുന്ന പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ എം നന്ദകുമാറിനെയാണ് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മെയ് 16 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ന്യൂറോ സര്‍ജന്‍ ഡോ ശ്രീജിത്ത് സര്‍ജറി നടത്തി. എന്നാല്‍ അന്നു മുതല്‍ അദ്ദേഹം അബോധാവസ്ഥയില്‍ (കോമ) ആണെന്ന് മകള്‍ പാര്‍വതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. കഴിഞ്ഞ മാസം 24നാണ് വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധമായി പെരുമാറി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഗുരുതരമായ ചികിത്സാ പിഴവാണ് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നിലവിൽ എം നന്ദകുമാറിനെ തൊട്ടടുത്ത മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാറിന് ഐ എ എസ് പദവി ലഭിച്ചിരുന്നു. 2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. പിന്നീട് സർക്കാരിൽ വിവിധ തസ്തികകള്‍ വഹിച്ചു. സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനുമാണ്. ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിദഗ്ദനെന്ന നിലയില്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

Related Articles

Latest Articles