Saturday, January 10, 2026

മലപ്പുറത്തെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ മലകയറി; യുവാക്കള്‍ കൊക്കയില്‍ വീണു; ഒരാള്‍മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ രണ്ട് പേര്‍ കൊക്കയില്‍ വീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്. നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയ് (18) നാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

കൊളപ്പാടന്‍ മലയിലെ മൂന്നുകല്ലിനടുത്ത ആമസോണ്‍ വ്യൂ പോയിന്റിന് പോകുന്ന വഴി ഏലന്‍കല്ലില്‍ വെച്ചാണ് അപകടം നടന്നത്. ചട്ടിപ്പറമ്പില്‍ നിന്നെത്തിയ എട്ടംഗ സംഘത്തിലായിരുന്നു റഹ്മാന്‍. നിലമ്പൂരില്‍ നിന്നുള്ള സംഘത്തിലായിരുന്നു അക്ഷയ്. റഹ്മാനും കൂട്ടുകാരന്‍ മലപ്പുറം സ്വദേശി ദില്‍കുഷും പാറയില്‍ നിന്ന് വഴുതി വീണതായി പറയുന്നു. ദില്‍കുഷിനെ കൂടെയുണ്ടായിരുന്ന അക്ഷയ് രക്ഷപ്പെടുത്തിയെങ്കിലും തുടര്‍ന്ന് റഹ്മാനെയും അക്ഷയ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.

ഇതിനിടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലില്‍ രാത്രി ഏഴരയോടെ ഇരുവരേയും കണ്ടെത്തി എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റഹ്മാനെ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ അക്ഷയ്‌നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles