Sunday, December 21, 2025

ജയിക്കാന്‍ എല്‍.ഡി.എഫ് എന്തുപണിയും ചെയ്യും! അതെല്ലാം നാട്ടുകാർക്കറിയാം: ജോ ജോസഫിന്റെത് വ്യാജ വീഡിയോ നാടകമെന്ന് സുരേഷ് ഗോപി

എറണാകുളം: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ ഇറങ്ങിയ വ്യാജ വീഡിയോ എല്‍.ഡി.എഫിന്റെ നാടകമാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. ജയിക്കാന്‍ എല്‍.ഡി.എഫ് എന്തുപണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലെ പ്രതികരണം.

എന്നാൽ, തനിക്കെതിരെ നടക്കുന്ന വ്യാജ വീഡിയോ പ്രചാരണം കുടുംബ ജീവിതത്തെ ബാധിച്ചുവെന്ന് ജോ ജോസഫ് വ്യക്തമാക്കി. സൈബര്‍ ആക്രമണത്തെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച പലവിധ വ്യാജ പ്രചാരണങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. താന്‍ വ്യാജമായാണ് ഡിഗ്രി നേടിയത് എന്നും പണക്കാരുടെ ഡോക്ടറാണ് താനെന്നും ഉള്ള വ്യാജ പ്രചാരണങ്ങള്‍ ഇവിടെ നടക്കുന്നെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

തൃക്കാക്കര അവസാന നിമിഷത്തിന്റെ പോരാട്ടം ചൂടിലാണ്. പരസ്യ പ്രചാരണം നാളെ അവസാനിക്കും. വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുല്‍ റഹ്മാന്‍, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്.

Related Articles

Latest Articles