Friday, April 26, 2024
spot_img

ബ്യൂട്ടീപാര്‍ലറിന് മുന്നില്‍ വെച്ച് ഫോണില്‍ സംസാരിച്ച യുവതിയെ തല്ലിച്ചതച്ച സംഭവം ; പാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍, വള ഊരിയെടുക്കാന്‍ ശ്രമിച്ചെന്നും പരാതി

തിരുവനന്തപുരം: ശാസ്തമംഗലത്തെ ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശിയായ മിനിയെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. മരുതംകുഴി സ്വദേശിയായ ശോഭനയെയാണ് മിനി ആക്രമിച്ചത്. ഏഴ് വയസുള്ള മകളുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. അമ്മയെ തല്ലുന്നതുകണ്ട് പെണ്‍കുട്ടി നിലവിളിച്ചിട്ടും അതിക്രമം തുടര്‍ന്നു.

ശാസ്തമംഗലത്തെ കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയതായിരുന്നു ശോഭന. സമീപത്തെ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചു. കടയുടെ മുമ്പില്‍ നിന്നു ഫോണില്‍ സംസാരിക്കുന്നത് മിനി വിലക്കി. ഇത് ചോദ്യംചെയ്ത ശോഭനയെ കരണത്തടിച്ച്‌ വീഴ്ത്തി. മകള്‍ ഇതുകണ്ട് കരഞ്ഞു നിലവിളിച്ചിട്ടും അടി നിറുത്തിയില്ല. കാലില്‍ കിടന്ന ചെരുപ്പ് ഊരിയും അടിച്ചു.

ആളുകള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ശേഷമാണ് മിനി പിന്തിരിഞ്ഞത്. പാര്‍ലര്‍ ഉടമയ്‌ക്കൊപ്പം വന്ന യുവാവ് ദൃശ്യം പകര്‍ത്തിയ ആളെ കൈയേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചുതള്ളുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ തന്റെ കൈയിലിരുന്ന വള പിടിച്ചുവാങ്ങാനും മര്‍ദ്ദിച്ച സ്ത്രീ ശ്രമിച്ചതായി ശോഭന നല്‍കിയ പരാതിയില്‍ പറയുന്നു. ശോഭനയുടെ പരാതിയില്‍ ആദ്യം ഉഴപ്പിയ മ്യൂസിയം പൊലീസ്, സംഭവത്തിന്റെ കാമറ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനൊടുവിലാണ് കേസെടുത്തത്.

Related Articles

Latest Articles