കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. എറണാകുളം മഹാരാജാസ് കോളജില്‍ വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. അര മണിക്കൂറിനകം സൂചനകള്‍ ലഭ്യമാകും. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
ഇരട്ടനീതിയും വർഗീയതയ്‌ക്ക് കുടപിടിയ്‌ക്കുന്ന ഇടത് വലത് നയങ്ങൾക്കെതിരെ പ്രചരണം കടുപ്പിച്ച ബിജെപിയുടെ എഎൻ രാധാകൃഷ്ണൻ ഉജ്ജ്വല വിജയം നേടുമോ അതോ യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഉമ തോമസ് നിലനിർത്തുമോ അതോ ജോജോസഫിലൂടെ ഇടതുമുന്നണിയ്‌ക്ക് സെഞ്ചുറി അടിക്കാനാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.പതിനൊന്നുമണിയോടെ വിജയി ആരാണെന്ന് അറിയാം.
ഏഴരയോടെ സ്ഥാനാർത്ഥികളുടേയും രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തിൽ സ്‌ട്രോങ് റൂം തുറന്നു. വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണി തുടങ്ങും.
ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അഞ്ച് റൗണ്ട് വരെ എണ്ണുന്നത് കോർപ്പറേഷൻ പരിധിയിലെ വോട്ടുകളാണ്. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ചിത്രം തെളിയും. കൊച്ചി കോർപ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക.

