Wednesday, May 15, 2024
spot_img

ഇത് മികവിന്റെ അംഗീകാരം: ഭാരതീയ ജ്ഞാന പരമ്പര വകുപ്പ് അനുവദിച്ച രാജ്യത്തെ 13 കേന്ദ്രങ്ങളിൽ ഒന്നായി തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിങും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഭാരതീയ ജ്ഞാന പരമ്പര വകുപ്പ് അനുവദിച്ച് രാജ്യത്തെ 13 കേന്ദ്രങ്ങളിൽ ഒന്നായി തിരുവനന്തപുരം , (Trinity College Of Engineering) ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിംങ്. 125 വർഷത്തെ പാരമ്പര്യമുള്ള നേമം അഗസ്ത്യം കളരിയുമായി സഹകരിച്ചാണ് ട്രിനിറ്റി കോളേജിൽ ഈ കേന്ദ്രം പ്രവർത്തിക്കുക.

ക്ഷയിച്ചുകൊണ്ടിരിക്കുന്ന കളരിപ്പയറ്റുമായി ബന്ധപ്പെട്ട വിവിധ പാരമ്പര്യങ്ങളുടെ പുനരുജ്ജീവനത്തിനും ജനകീയവൽക്കരണ ത്തിനുമായിരിക്കും മുൻഗണന. കളരിപ്പയറ്റിനെ കുറിച്ചും സിദ്ധ പാരമ്പര്യത്തെ കുറിച്ചുമുള്ള ഗവേഷണത്തിനായിട്ടായിരിക്കും ഈ കേന്ദ്രം പ്രവർത്തിക്കുക, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളെക്കുറിച്ച് (Indian Knowledge Systems) അടിസ്ഥാന ഗവേഷണം നടത്തുന്നതിനും അവ നിലനിർത്തുന്നതിനുമുള്ള വിദ്യാഭ്യാസ പരിപാടികൾ സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെക്കുറിച്ച് കൂടുതൽ അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.

അഗസ്ത്യമുനിയിൽ തുടങ്ങി 18 സിദ്ധമാരിലൂടെ ദക്ഷിണേ ന്ത്യയിൽ നിലനിന്നിരുന്ന ബൃഹത്തായ വിജ്ഞാന സമ്പ്രദായത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും നേതൃത്വം നൽകും. പരമ്പരാഗത വൈദ്യശാസ്ത്രം, ലോഹശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം മുതലായവയുടെ ഉത്ഭവം നമ്മുക്ക് കൈമാറിക്കിട്ടിയ തമിഴ് സിദ്ധപാടൽകളിൽ കാണാൻ കഴിയും.

വിദ്യാർത്ഥികളിലും മുതിർന്ന പൗരന്മാരിലും കളരിപ്പയറ്റ് പരിശീലനത്തിന്റെ ശാരീരകവും മാനസികവുമായ സ്വാധീനത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ കേന്ദ്രം ഏറ്റെടുക്കും. കോവിഡാനന്തര ലോകത്ത് ജീവിതശൈലി രോഗികളിലും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാനസ്സികവും ശാരീരകവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പരമ്പരാഗത ആയോധനകലകൾക്ക് കഴിയും യുവാക്കൾ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന സ്ട്രസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടാൻ കളരിപ്പയറ്റ് എന്ന ആയോധനകലയെ ജീവിതശൈലിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുനരുജ്ജീവനമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.അരുൺ സുരേന്ദ്രൻ അറിയിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ആയോധനകലകളുടെയും മാതാവായി കണക്കാക്കപ്പെടുന്ന കളരിപ്പയറ്റിനായി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു മികവിന്റെ കേന്ദ്രം കേരളത്തിൽ വികസിപ്പിച്ചെടുക്കുന്നത് സമയോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles