Friday, April 19, 2024
spot_img

ദേ വടക്കൊരു മൂന്നാര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് കണ്ണൂര്‍ പൈതല്‍ മല

വടക്കേ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുകയാണ് കണ്ണൂരിലെ ഹില്‍ സ്റ്റേഷനായ പൈതല്‍മല. മഞ്ഞണിഞ്ഞ മലനിരകളാണ് പ്രധാന ആകര്‍ഷണം.വര്‍ക്കിന്റെ കുടക് എന്നും മൂന്നാര്‍ എന്നും വിളിപ്പേര് വെറുതെയല്ല. മൂന്നാറിനോളംവിസ്തൃതിയില്ലെങ്കിലും കോടമഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന പൈതല മലയുടെ സൗന്ദര്യം അത്രത്തോളം തന്നെയാണ്.സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലായി പരന്നുകിടക്കുന്ന പൈതല്‍ മലയുടെ മുകളില്‍ നിബിഡവനമാണ്.2000 ല്‍ അധികം വര്‍ഷം മുമ്പ് തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നെന്നാണ് വിശ്വാസം.

ആദിവാസി രാജാവായിരുന്ന വൈതല്‍ കൂവന്‍ ആണ് ഇവിടം ഭരിച്ചിരുന്നതെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പൈതല്‍മലയെ വൈതല്‍മല എന്നും വിളിക്കുന്നു. മലമുകളില്‍ വൈതല്‍ കൂവന്റേതെന്ന് കരുതുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. വെട്ടുകല്ലുകൊണ്ട് നിര്‍മിച്ച ഇത് അത്ഭുതം തന്നെയാണ്. ഇത്രയും ഉയരമുള്ള മലയ്ക്ക് മുകളില്‍ എങ്ങനെ അന്നത്തെ കാലത്ത് കല്ല് എത്തിച്ചു എന്നത് ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്.

നട്ടുച്ചയ്ക്കും നല്ല തണുപ്പാണ് ഇവിടെ. ദൂരെ നിന്നും നോക്കിയാല്‍ ആനയുടെ ആകൃതി പോലെ തോന്നും. മലമുകളില്‍ നിരീക്ഷണ ഗോപുരമുണ്ട്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുടക് വനങ്ങള്‍ ഇവിടെ നിന്ന് നോക്കിയാല്‍ അതിമനോഹരമാണ്. കാടിനുപുറമെ വെള്ളച്ചാട്ടവും ഇവിടുത്തെ പ്രാധന ആകര്‍ഷണമാണ്. വൈതല്‍ക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങള്‍ പൈതല്‍മലയിലുണ്ട്. ട്രെക്കിങ്ങിന് പറ്റിയ ഇടം കൂടിയാണിത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മഴക്കാലത്തൊഴികെ, പാത്തന്‍പാറ വഴി പൈതല്‍ മലയിലേക്ക് പോകാം.തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.പൊട്ടന്‍പ്ലാവ് എന്ന സ്ഥലം വരെ ബസ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റര്‍ ദൂരം ജീപ്പ് യാത്ര .ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നാല്‍ പൈതല്‍ മല എത്താം. അടിവാരത്തില്‍ താമസസൗകര്യവും ഉണ്ട്.

പൈതല്‍മല-പാലക്കയംതട്ട്-കാഞ്ഞിരക്കൊല്ലി ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മലബാറിലെ ടൂറിസം ഹബാകും ഇവിടം.ട്രക്കിങ് പാത്ത് വേകള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ് സൗകര്യം, ഇക്കോ ഷോപ്പുകള്‍, വാച്ച് ടവര്‍, വ്യൂ പോയിന്റ് എന്നിവ നിര്‍മിക്കും.കാരവന്‍ പദ്ധതി, ടെന്റുകള്‍, ഹട്ടുകള്‍, റോപ്പ് വേ എന്നിവയും പരിഗണനയിലാണ്.

Related Articles

Latest Articles