Thursday, May 2, 2024
spot_img

എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ മരക്കഷ്ണം;അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

കണ്ണൂര്‍: വിഴുങ്ങിയ മരക്കഷ്ണം ശ്വാസകോശത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായി. കൊട്ടിയൂര്‍ സ്വദേശികളുടെ കുഞ്ഞാണ് കളിക്കുന്നതിനിടെ മരക്കഷ്ണം വിഴുങ്ങി അപകടാവസ്ഥയിലായത്. എന്നാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിദഗ്ധ ശാസ്ത്രക്രിയയിലൂടെ മരക്കഷ്ണം പുറത്തെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തി.

അമ്മയുടെ സമീപത്ത് അടുക്കളിയില്‍ ഇരുന്ന് കളിക്കുകയായിരുന്നു കുഞ്ഞ്.പെട്ടെന്ന് എന്തോ വായിലിടുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് വായില്‍ കയ്യിട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെട്ടെന്ന് തന്നെ കുട്ടി വല്ലാതെ ചുമക്കുകയും ശ്വാസതടസം നേരിട്ട് ഗുരുതരാവസ്ഥയില്‍ ആവുകയും ചെയ്തു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തി അടിയന്തിര ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.അടിയന്തിര പരിശോധനയില്‍ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്നാല്‍ എന്താണെന്ന് അപ്പോഴും തിരിച്ചറിഞ്ഞില്ല.

പിന്നീട് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം റിജിഡ് ബ്രോങ്കോ സ്‌കോപ്പി ട്രീറ്റ്‌മെന്റിലൂടെ സാധനം പുറത്തെടുത്തപ്പോഴാണ് മരക്കഷ്ണമാണെന്ന് മനസിലായത്.ശ്വാസകോശവിഭാഗത്തിലെ ഡോ ഡി കെ മനോജ് , ഡോ രാജീവ് റാം, ഡോ കെ മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ എം ടി പി മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ചാള്‍സ് തോമസ്, ഡോ ബഷീര്‍ മണ്ഡ്യന്‍ എന്നിവരുമുള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് ചികിത്സ സംഘത്തിലുണ്ടായിരുന്നത്

Related Articles

Latest Articles