Sunday, June 16, 2024
spot_img

മദ്യമെന്ന് കരുതി ഒരു കുപ്പി ആസിഡ് കുടിച്ചു; ത്രിപുര സ്വദേശിയായ മധ്യവയസ്കന് ദാരുണാന്ത്യം

അഗർത്തല: ത്രിപുര ഖോവൈ ജില്ലയിൽ മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ച മധ്യവയസ്കന് ദാരുണാന്ത്യം. 55 വയസുകാരനായ കാര്‍ത്തിക് മോഹന്‍ ഡെബ്ബാര്‍മയാണ് മദ്യമാണെന്ന് കരുതി ഒരു മുഴുവന്‍ കുപ്പി ആസിഡും കുടിച്ചത്. തുടർന്ന് ഇയാള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

എന്നാൽ സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടയുടന്‍ ഖോവൈ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ആസിഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തുന്നത്. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം സംഭവം നടന്ന വെള്ളിയാഴ്ച രാത്രിയും ഇയാള്‍ മദ്യപിച്ച് ലക്കുകെട്ടാണ് വീട്ടിലെത്തിയതെന്നാണ് അയല്‍ക്കാരുടെ മൊഴി. രാത്രി വീണ്ടും മദ്യപിക്കാനായി ഇയാള്‍ മറ്റൊരു കുപ്പി മദ്യം കൂടി കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് രാത്രി കിടക്കുന്നതിനുമുന്‍പ് ഈ കുപ്പി തിരഞ്ഞപ്പോള്‍ കൈയ്യില്‍ ആസിഡിന്റെ കുപ്പി കിട്ടിയതാകുമെന്നാണ് പോലീസ് പറയുന്നത്.

മാത്രമല്ല മദ്യലഹരിയില്‍ തന്നെയാകാം ഇയാള്‍ ഒരു കുപ്പി ആസിഡ് മുഴുവന്‍ കുടിച്ചതെന്നും പോലീസ് അനുമാനിക്കുന്നു. റബ്ബര്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു വന്ന ആസിഡാണ് ഇയാളുടെ കൈയ്യില്‍ കിട്ടിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ താന്‍ ആസിഡാണ് കുടിക്കുന്നതെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

Related Articles

Latest Articles