തൃശൂർ: മഴയെത്തുടർന്ന് മാറ്റിവച്ച, ജനങ്ങൾ ആവേശഭരിതരായി കാത്തിരുന്ന തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് നടത്താനിരുന്ന വെടിക്കെട്ടാണ് ശക്തമായ മഴയെ തുടർന്ന് രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും യോഗം ചേർന്നാണ് രാത്രിയോട് വെടിക്കെട്ട് നടത്തമെന്ന തീരുമാനത്തിലെത്തിയത്. പകൽപ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും.
പുലർച്ചെ മൂന്ന് മണിയോടെ വടക്കുംനാഥ ക്ഷേത്ര മൈതാനിയിലായിരുന്നു വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. പൂരം ദിനത്തിൽ രാത്രി വൈകി ഇടവിട്ട് മഴ തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെയ്‌ക്കാൻ തീരുമാനമായത്. ഗ്രൗണ്ടിൽ നനവുള്ളതിനാൽ തിരി ഇടാൻ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് വെടിക്കെട്ട് മാറ്റിവെച്ചത്.
രാത്രിയോടെയാണ് പൂരനഗരിയിൽ നിന്നും ജനക്കൂട്ടം മടങ്ങിയത്. പല ജില്ലകളിൽ നിന്നുപോലും ആളുകൾ കൂട്ടമായി വെടിക്കെട്ട് കാണാനെത്തിയിരുന്നു. എന്നാൽ എല്ലാവരെയും നിരാശയിലാക്കി കൊണ്ടായിരുന്നു മഴയുടെ ആറാട്ട്. അതേസമയം മഴയിന്നും തുടരുകയാണെങ്കിൽ വെടിക്കെട്ട് നടത്തുന്ന കാര്യം അനിശ്ചിതത്വിത്തിലാകും.

