തിരുവനന്തപുരം: ഇന്നലെ വിവാദമായ കോർപ്പറേഷനിലെ കത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പോലീസിൽ പരാതി സമർപ്പിക്കും. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത് . വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റർപാഡും ഉണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. സിറ്റി പോലീസ് കമ്മീഷണർക്കോ മ്യൂസിയം പോലീസിനോ പരാതി നൽകാനാണ് സാധ്യത. പരാതി നൽകിയതിന് ശേഷം മേയർ മാദ്ധ്യമങ്ങളെ കണ്ട് വിശദീകരണവും നൽകും.
വിവാദമായ കത്ത് താൻ നൽകിയതല്ല. മേയറുടെ ഓഫീസിൽ നിന്നും ഇങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞുനഗരസഭയേയും മേയറേയും താഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നതെന്നും ആര്യ കുറ്റപ്പെടുത്തുകയും ചെയ്തു.
ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ കത്ത് അയച്ചത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.
കോർപ്പറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടർമാർ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന് അഭിസംബോധന ചെയ്ത് അയച്ച കത്ത് മെഡിക്കൽ കോളേജ് വാർഡിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാദ്ധ്യമത്തിൽ വൈറലായത്.

