Monday, December 22, 2025

ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് പിണങ്ങി;പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി;യുവാവ് അറസ്റ്റിൽ

മലപ്പുറം: വള്ളിക്കുന്നിൽ പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതിനെ തുടർന്ന് ആൺസുഹൃത്ത് അറസ്റ്റിൽ.ചേളാരി സ്വദേശി ഷിബിനെ(24)യാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. യുവാവുമായുള്ള പിണക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ പിണങ്ങിയതിനെ തുടർന്നാണ് പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 14-ാം തീയതി പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പ്ലസ്ടു വിദ്യാർത്ഥിനിയായ 17-കാരിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തായി റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം.

മരിച്ച പെൺകുട്ടിയും ഷിബിനും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ പെൺകുട്ടി ഫോണിൽ ഇൻസ്റ്റഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ ഷിബിൻ പെൺകുട്ടിയുമായി പിണങ്ങി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടാവുകയും ചെയ്തു.പിണക്കം മാറ്റണമെന്ന് പെൺകുട്ടി പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിൻ തയ്യാറായില്ല. ഇതോടെയാണ് ഫെബ്രുവരി 14-ന് പുലർച്ചെ പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles