ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തന്റെ പിന്നാലെ നടന്ന് അപേക്ഷിച്ചുവെന്ന ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ രാഷ്ട്രീയ തർക്കത്തിന് വഴിതുറന്നിരിക്കുകയാണ്. ട്രമ്പിന്റെ അവകാശവാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് മെലോനി വ്യക്തമാക്കിയതിന് പിന്നാലെ, ശക്തമായ മറുപടിയുമായി ട്രമ്പ്
വീണ്ടും രംഗത്തെത്തി. ഇറ്റലിയിൽ ജനപ്രീതി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് മെലോനി ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നാണ് ട്രമ്പിന്റെ പുതിയ ആക്ഷേപം. യുഎസിനെ തള്ളിപ്പറഞ്ഞ് ഇറാന് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് ഇറ്റലിയിൽ മെലോനിയുടെ ജനപ്രീതി താഴോട്ട് പോകാൻ കാരണമെന്നും ട്രമ്പ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് സൈന്യത്തിന് ഇറ്റലിയുടെ റൺവേകൾ ഉപയോഗിക്കാൻ മെലോനി അനുവാദം നൽകിയില്ലെന്നും, ഇറ്റലിയുടെ സുരക്ഷയ്ക്കായി കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്ന യുഎസിനോട് കാണിച്ച വലിയ നന്ദികേടാണിതെന്നും ട്രമ്പ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ട്രമ്പിന്റെ നിരന്തരമായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് മെലോനി ഇൻസ്റ്റാഗ്രാമിലൂടെ തിരിച്ചടിച്ചത്. തന്റെ ജനപ്രീതി ട്രമ്പുമായി സൗഹൃദം സ്ഥാപിക്കുന്നതിനെയല്ല, മറിച്ച് ഇറ്റലിയുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള തന്റെ കഴിവിനെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് മെലോനി ഓർമ്മിപ്പിച്ചു. തന്റെ ജനപ്രീതിയെക്കുറിച്ച് ഓർത്ത് ട്രമ്പ് വിഷമിക്കേണ്ടതില്ലെന്നും സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും ട്രമ്പിന് നല്ലതെന്നും മെലോനി പരിഹസിച്ചു.
ട്രമ്പിന്റെ പ്രസ്താവനകൾ തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും താനും ഇറ്റലിയും ആരുടെയും മുന്നിൽ ഒരിക്കലും കെഞ്ചാറില്ലെന്നും മെലോനി നേരത്തെ വ്യക്തമാക്കിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ശത്രുക്കളോട് മൃദുസമീപനം കാണിക്കുന്ന ട്രമ്പ് , സ്വന്തം സഖ്യകക്ഷികളെ പരസ്യമായി അപമാനിക്കുന്നത് പതിവാക്കുകയാണെന്നും മെലോനി കുറ്റപ്പെടുത്തി. യുഎസ് ഇറ്റലി നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുന്ന തരത്തിലാണ് ഇരു നേതാക്കളും തമ്മിലുള്ള ഈ ഫോട്ടോ വിവാദം ഇപ്പോൾ വളർന്നിരിക്കുന്നത്.

