ന്യൂയോർക്ക് : കഴിഞ്ഞ വർഷം ഒപ്പുവെച്ച വ്യാപാര കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ യൂറോപ്യൻ യൂണിയൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് യൂറോപ്യൻ വാഹനങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. അടുത്ത ആഴ്ച മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം ടാരിഫ് ഈടാക്കുമെന്നാണ് ട്രമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്. അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധം നിലവിൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രമ്പിന്റെ ഈ പുതിയ നീക്കം.
കഴിഞ്ഞ ജൂലൈയിൽ സ്കോട്ട്ലൻഡിലെ ടേൺബെറി റിസോർട്ടിൽ വെച്ച് ഇരുവിഭാഗവും ഒപ്പുവെച്ച ‘ടേൺബെറി ഡീൽ’ പ്രകാരം നിലവിൽ 15 ശതമാനമാണ് വാഹനങ്ങളുടെ ഇറക്കുമതി തീരുവ. അമേരിക്കൻ വ്യവസായ ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കാനും ഏകദേശം 750 ബില്യൺ ഡോളറിന്റെ ഊർജ്ജം വാങ്ങാനും പകരമായി യുഎസ് ടാരിഫ് നിരക്കുകൾ കുറയ്ക്കാനുമായിരുന്നു അന്ന് ധാരണയായത്. എന്നാൽ യൂറോപ്യൻ യൂണിയൻ ഈ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കുന്നില്ലെന്നാണ് ട്രമ്പ് ഭരണകൂടം ആരോപിക്കുന്നത്.
യൂറോപ്യൻ യൂണിയന്റെ വ്യാപാര വിഭാഗം മേധാവി മാരോസ് സെഫ്കോവിച്ച് കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ വ്യാപാര കരാർ സുരക്ഷിതമാണെന്ന ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ട്രമ്പിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. ഈ തീരുവ വർദ്ധനവ് നിലവിൽ വരുന്നതോടെ യൂറോപ്പിൽ നിന്നുള്ള വാഹനങ്ങളുടെ വില അമേരിക്കയിൽ കുത്തനെ ഉയരും. ഇത് ആഗോള വിപണിയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

