വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി യുഎസ് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയും ഇറാൻ ഭരണകൂടത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഭ്രാന്തന്മാരുടെ കൈകളിൽ ആണവായുധം എത്തുപ്പെടുന്നത് തടയാനാണ് അമേരിക്ക യുദ്ധം ചെയ്തതെന്ന് ഫ്ലോറിഡയിൽ നടന്ന ചടങ്ങിൽ ട്രമ്പ് വ്യക്തമാക്കി. 60 ദിവസത്തെ യുദ്ധ പരിധി അവസാനിക്കുന്ന ഘട്ടത്തിൽ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ സൈനിക നടപടി നീട്ടാൻ നിയമപരമായ തടസ്സങ്ങളുണ്ടെങ്കിലും ട്രമ്പിന്റെ വാക്കുകൾ മേഖലയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ബി-2 ബോംബറുകൾ ഉപയോഗിച്ച് നടത്തിയ സൈനിക നീക്കങ്ങൾ ഇറാനെ പ്രതിരോധത്തിലാക്കിയെന്നും ഇല്ലായിരുന്നെങ്കിൽ മിഡിൽ ഈസ്റ്റും യൂറോപ്പും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ നാവിക-വ്യോമ സേനകളും പ്രതിരോധ സംവിധാനങ്ങളും നിലവിൽ പൂർണ്ണമായും തകർക്കപ്പെട്ട നിലയിലാണെന്നും അവരുടെ നേതൃനിര അപ്രത്യക്ഷമായെന്നും ട്രമ്പ് പരിഹസിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. പാകിസ്ഥാൻ മധ്യസ്ഥതയിൽ സമർപ്പിച്ച നിർദ്ദേശങ്ങൾ അപക്വമാണെന്നും മൂന്ന് വർഷത്തിന് ശേഷം സമാനമായ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രമ്പ് പറഞ്ഞു. ഇറാന്റെ നേതൃത്വം ഭിന്നിച്ചിരിക്കുകയാണെന്നും തങ്ങൾക്ക് സ്വീകാര്യമായ ഒരു കരാറിൽ എത്താൻ അവർക്ക് നിലവിൽ സാധിക്കുന്നില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഗണ്യമായ ഭാഗം കടന്നുപോകുന്ന ഈ പാതയിലെ നിയന്ത്രണം സംബന്ധിച്ച അനിശ്ചിതത്വം ആഗോള വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. ഇറാനെ പൂർണ്ണമായും നശിപ്പിക്കുക അല്ലെങ്കിൽ ഒരു പുതിയ കരാറിൽ ഏർപ്പെടുക എന്നീ രണ്ട് പോംവഴികൾ മാത്രമാണ് ഇനി മുന്നിലുള്ളതെന്ന് ട്രമ്പ് വ്യക്തമാക്കി.

