മുംബൈ: ആത്മഹത്യ ചെയ്ത പ്രശസ്‌ത ഹിന്ദി സീരിയൽ നടി ടുണീഷ ശർമ്മയുടെ അമ്മ വനിത ശര്‍മ്മ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ടുണീഷ ആത്മഹത്യ ചെയ്ത കേസില്‍ കാമുകനായ ഷീസാൻ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ ഷീസാൻ ഖാന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് നടിയുടെ ‘അമ്മ രംഗത്തെത്തിയത്.
ടുണീഷയുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് വനിതയാണെന്നും, അവളെ പണത്തിന് വേണ്ടി യാചിക്കാന്‍ ഇടയാക്കിയെന്നുമാണ് ഷീസാൻ ഖാന്റെ കുടുംബം ആരോപിച്ചത്. എന്നാല്‍ ആരോപണത്തെ വനിത നിഷേധിച്ചു. മൂന്ന് മാസത്തിനുള്ളില്‍ 3 ലക്ഷം രൂപ മകളുടെ അക്കൗണ്ടിലേക്ക് അയച്ചെന്നും അതിന് ബാങ്ക് രേഖകള്‍ തെളിവാണെന്നും അവർ പറയുന്നു. ഈ പണം ഷീസാൻ ഖാന്റെ കുടുംബം ഉപയോഗിച്ചുവെന്നാണ് കരുതുന്നതെന്നും വനിത ആരോപിച്ചു. കഴിഞ്ഞ 3-4 മാസമായി അവൾ ഷീസാന്‍റെ കുടുംബവുമായാണ് കൂടുതല്‍ സമയം ചിലവഴിച്ചത്. ആ കുടുംബം മുഴുവൻ ടുണിഷയെ ഉപയോഗിച്ചു. മകൾ നഷ്ടപ്പെട്ടതിൽ ദുഃഖിതയാണെന്നും, തനിക്ക് നീതി ലഭിക്കണമെന്നും അവർ വ്യക്തമാക്കി. ടുണീഷയുടെയും ഷീസാനിന്റെ ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്.

