Thursday, January 8, 2026

ഇസ്രയേലായിരുന്നു ശരി !അൽ ഷിഫ ആശുപത്രിയിൽ ഹമാസ് തീവ്രവാദികളുടെ ടണൽ ! ഹമാസ് ബന്ദിയാക്കി തട്ടിക്കൊണ്ട് പോയ ഇസ്രയേലി വനിതയുടെ മൃതദേഹം കണ്ടെടുത്തു; ഹൃദയം നീറുന്ന വേദനയ്ക്കിടയിലും ആശുപത്രിയിലുള്ള രോഗികൾക്കും സാധാരണക്കാർക്കുമായി ഇസ്രയേൽ സൈന്യം വിതരണം ചെയ്തത് 4,000 ലിറ്റർ വെള്ളവും 1,500 ഭക്ഷണപ്പൊതികളും

ഗാസ : ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ സൈന്യം കടന്നു കയറിയതിനെത്തുടർന്നുള്ള പ്രതികരണങ്ങൾ ലോകരാജ്യങ്ങളിൽ നിന്ന് ഉയരുന്നതിനിടെ ഇസ്രയേൽ നീക്കം പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത്. ബന്ദികളെ ഒളിപ്പിച്ചിരുന്ന തുരങ്കം ആശുപത്രി പരിസരത്ത് നിന്ന് ഇസ്രയേൽ സേന കണ്ടെത്തി. ഇതിന് പുറമെ തീവ്രവാദികളുടെ മറ്റൊരു ടണലിന്റെ വാതിലും കണ്ടെത്തിയിട്ടുണ്ട്. ബന്ദികളാക്കിയവരെ അൽ ഷിഫ ആശുപത്രിയിലാണു ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ‘ശക്തമായ സൂചന’ കിട്ടിയിരുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

‘‘ഗാസയിലെ അൽ ഷിഫ ആശുപത്രിയിലാണു ബന്ദികളെ ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ശക്തമായ സൂചന ഞങ്ങൾക്കു രഹസ്യാന്വേഷണ ഏജൻസികളിൽനിന്നു കിട്ടിയിരുന്നു. അതുകൊണ്ടാണ് ആശുപത്രിയിൽ ഞങ്ങളുടെ സൈന്യം പ്രവേശിച്ചത്. ഈയാഴ്ചയാദ്യം ഇസ്രയേൽ സേനയുടെ ഓപ്പറേഷനു പിന്നാലെ ഹമാസ് ഇവിടെനിന്നു മാറിയിരിക്കാം’’– അമേരിക്കൻ മാദ്ധ്യമമായ സിബിഎസ് ഈവനിങ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ ഒരു സുരക്ഷിത സ്ഥാനവും ഗാസയിൽ ഇനിയില്ലെന്നും ഗാസ നഗരത്തിന്റെ ഉൾപ്രദേശങ്ങളിലേക്കു വരെ എത്തിയെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞിരുന്നു.

അൽ ഷിഫ ആശുപത്രി സമുച്ചയത്തിൽ ഹമാസിന്റെ തുരങ്ക താവളം കണ്ടെത്തി നശിപ്പിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. ഇതിന്റെ വിഡിയോയും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള രോഗികൾക്കും അഭയം പ്രാപിച്ച സാധാരണക്കാർക്കുമായി 4,000 ലീറ്ററിലേറെ വെള്ളവും 1,500 ഭക്ഷണപ്പൊതികളും സൈന്യംവിതരണം ചെയ്തു. അതേസമയം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്നു ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ സ്ത്രീയുടെ മൃതദേഹം അൽ ഷിഫ ആശുപത്രിക്കു സമീപം കണ്ടെത്തി. 65 വയസ്സുകാരി യഹൂദിറ്റ് വീസ് ആണു മരിച്ചത്. 5 മക്കളുടെ അമ്മയായ ഇവർ നഴ്സറിയിലാണ് ജോലി ചെയ്തിരുന്നത്. ഇസ്രയേൽ സൈന്യം ആരെയും ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കാതെ പരിശോധന തുടരുകയാണ്. സാധാരണക്കാരുടെ മറവിൽ തീവ്രവാദികളും രക്ഷപ്പെട്ടു പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. അൽ ഷിഫയിലെ രോഗികളെ അടിയന്തരമായി ഒഴിപ്പിക്കാൻ യുഎൻ ശ്രമിക്കുന്നുണ്ടെങ്കിലും പലസ്തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസുകളിൽ വേണ്ടത്ര ഇന്ധനമില്ല. ആംബുലൻസുകൾ അയയ്ക്കാൻ ഈജിപ്ത് തയാറാണെങ്കിലും വ്യോമാക്രമണം തുടരുന്നതിനാൽ സുരക്ഷ ഉറപ്പാക്കാനാകില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം ജീവകാരുണ്യ സഹായമെത്തിക്കാനായി ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി അംഗീകരിച്ചു. അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാൻ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് 15 അംഗ രക്ഷാസമിതി പാസാക്കിയ പ്രമേയം. പ്രമേയത്തെ അനുകൂലിച്ച് 12 വോട്ടുകൾ ലഭിച്ചു. ആരും എതിർത്തില്ല. വീറ്റോ അധികാരമുള്ള അമേരിക്ക , യുകെ, റഷ്യ എന്നീ രാജ്യങ്ങൾ വിട്ടുനിന്നു.

Related Articles

Latest Articles