Thursday, May 16, 2024
spot_img

സിറിയയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: വടക്കന്‍ സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്കു നേരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ആക്രമണത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. ആക്രമണം ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് കൂട്ടപലായനം നടത്തുന്നത്.

ഐഎസ് പോരാളികളെയും കുര്‍ദിഷ് തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ പീസ് സ്പ്രിംഗെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ട്വീറ്റു ചെയ്തു. തുര്‍ക്കി വിമാനങ്ങള്‍ മേഖലയില്‍ ആക്രമണം ആരംഭിച്ചതായി എസ്ഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. സിറിയന്‍ പട്ടണമായ റാസ് അല്‍ അയിനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയും തുര്‍ക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ നാഷണല്‍ ആര്‍മിയുമാണ് ആക്രമണം നടത്തുന്നത്.

സിറിയയുടെ അഖണ്ഡത നിലനിര്‍ത്തുന്നതോടൊപ്പം പ്രാദേശിക സമൂഹങ്ങളെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ മേഖലയില്‍ കുര്‍ദിഷ് മുക്ത സുരക്ഷിതപ്രദേശം സ്ഥാപിക്കുവാനാണു തുര്‍ക്കിയുടെ പദ്ധതി. തുര്‍ക്കിയിലേക്ക് നേരത്തെ പ ലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളില്‍ കുറച്ചുപേരെ ഇവിടെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.

Related Articles

Latest Articles