Monday, December 22, 2025

കൊലക്കളമായി കേരളം; സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി; സിപിഎം മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു

കൊച്ചി: സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി. സിപിഎം മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു(Twenty Twenty Worker Deepu Murder) മരിച്ചു. ഇന്ന് 12 മണിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കിഴക്കമ്പലത്ത് വിളക്കണയ്ക്കൽ സമരത്തിനിടെയാണ് ദീപുവിന് മർദ്ദനമേറ്റത്. കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാർഡ് സ്വദേശിയാണ് ദീപു. കഴിഞ്ഞ ശനിയാഴ്ചയാണ് ട്വൻ്റി 20 യുടെ നേതൃത്വത്തിൽ വിളക്കണയ്ക്കൽ സമരം നടത്തിയത്.

വൈകുന്നേരം ഏഴുമണി മുതൽ ഏഴേകാൽ വരെ ട്വൻ്റി 20 ഭരിക്കുന്ന വാർഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. രാത്രി എട്ടുമണിയോടെയാണ് സിപിഎം പ്രവർത്തകരിൽ നിന്നും ദീപുവിനു മർദനമേറ്റതെന്നാണ് ട്വൻ്റി 20 നേതൃത്വം പറയുന്നത്. മർദ്ദനമേറ്റ ദീപു വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇതിനുപിന്നാലെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു ദീപു.

അതേസമയം ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിലുള്ള വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്ന് പോലീസിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടുകയും ചെയ്തു. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മർദ്ദിച്ചത് ആസൂത്രിതമായി അല്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം .

Related Articles

Latest Articles