Sunday, May 19, 2024
spot_img

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും; സ്ഥലത്ത് വൻ പോലീസ് സന്നാഹം

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് രാത്രിയോടെ പോലീസിന് കിട്ടിയേക്കും. തലയ്ക്ക് പിന്നിൽ കാണപ്പെട്ട രണ്ട് ക്ഷതങ്ങളാണ് ദീപുവിന്റെ മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. തുടർ നടപടികളിലേക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കടക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്‍റെ ഭാഗമായി അറസ്റ്റിലായ നാലു സിപിഎം പ്രവർത്തകരെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നാളെ കോടതിയെ സമീപിക്കും. കൊലപാതകം ആസൂത്രിതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നിലവിൽ പ്രദേശത്ത് കനത്ത പോലീസ് കാവലും എർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ദീപുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്. കൂടാതെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി. കരൾരോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പറയുന്നത്.

കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെ കൊലക്കുറ്റം ചുമത്തി കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് ട്വന്റി ട്വന്റി പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു.

Related Articles

Latest Articles