Monday, May 20, 2024
spot_img

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് മുന്‍സഖ്യകക്ഷിനേതാവ് ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ ബണ്ഡാരു ദത്താത്രേയയ്ക്ക് കത്തുനല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ നാലോളം എംഎല്‍എമാര്‍ ബിജെപിയുമായി ചർച്ച നടത്തിയതെന്നാണ് വിവരം.

ഹരിയാന മന്ത്രി മഹിപാല്‍ ഢംഡയുടെ പാനിപത്തിലെ വീട്ടില്‍വെച്ച് നാല് എംഎല്‍എമാര്‍ മുന്‍മുഖ്യമന്ത്രിയും ബിജെപി. നേതാവുമായ മനോഹര്‍ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയെന്ന്‌ പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച യോഗം അരമണിക്കൂറോളം നീണ്ടുനിന്നു. ഖട്ടറിനുപുറമെ ഢംഡ മാത്രമേ കൂടിക്കാഴ്ചയിലുണ്ടായിരുന്നുള്ളൂ. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഢംഡ തയ്യാറായില്ല.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പിന്നീടിവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്‍റെ അംഗസംഖ്യ ഇതോടെ 42 ആയി കുറയുകയും ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാൻ കഴിയില്ല.

ഇതിന് പിന്നാലെയാണ് നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനംചെയ്ത് ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) നേതാവ് ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തിയത്. ജെജെപിക്ക് നിയമസഭയില്‍ 10 അംഗങ്ങളുണ്ട്.

Related Articles

Latest Articles