തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ പാച്ചല്ലൂർ ടോൾ പ്ലാസയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് ഐടി ജീവനക്കാർ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. നിയന്ത്രണം വിട്ട് ബൈക്ക് തനിയെ അപകടത്തിൽപ്പെട്ടതാണെന്ന പ്രാഥമിക നിഗമനങ്ങളെ തള്ളി, ഒരു കാർ വന്ന് ഇടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായതെന്ന് പോലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ മാറനല്ലൂർ സ്വദേശിയായ കാർ ഡ്രൈവർ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭയം കാരണമാണ് അപകടസ്ഥലത്തുനിന്നും വണ്ടി നിർത്താതെ പോയതെന്നാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
കഴക്കൂട്ടം യു.എസ്.ടി. ഗ്ലോബൽ ജീവനക്കാരനായ നവീൻ സിബി (25), കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. അപകടം നടന്നയുടൻ തന്നെ മൃദുല സംഭവസ്ഥലത്തും, ഗുരുതരമായി പരിക്കേറ്റ നവീൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ശക്തമായ ഇടിയിൽ മൃദുല ബൈക്കിൽ നിന്നും മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണിരുന്നു.
അപകടസ്ഥലം സന്ദർശിച്ച തിരുവല്ലം പോലീസിന് തോന്നിയ ചില ശക്തമായ സംശയങ്ങളാണ് കേസിൽ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. തകർന്ന ബൈക്കിന്റെ ഹാൻഡിലിൽ മറ്റൊരു വാഹനത്തിന്റെ പെയിന്റ് ഉരസിയിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടൊപ്പം അപകടസ്ഥലത്തെ ചില അസ്വാഭാവികതകളും കൂടിയായപ്പോൾ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ബൈക്കിനെ കാർ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിലെത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എറണാകുളം മുളവൂർ സ്വദേശിയായ സിബി ജോസഫിന്റെയും ശാലിനിയുടെയും മകനാണ് അന്തരിച്ച നവീൻ സിബി. നവ്യ സിബിയാണ് സഹോദരി. ഇടുക്കി തൊടുപുഴ കരിങ്കുന്നം സ്വദേശിയായ ഉമ്മൻ വർഗീസിന്റെയും സജി ഉമ്മന്റെയും മകളാണ് മരണപ്പെട്ട മൃദുല ആൻ ഉമ്മൻ. മഹിമ മറിയാൻ ഉമ്മൻ, മേഘ സൂസൻ ഉമ്മൻ എന്നിവർ സഹോദരങ്ങളാണ്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് തിരുവല്ലം പോലീസ് അറിയിച്ചു.

