Wednesday, January 7, 2026

15 ലക്ഷത്തിന്റെ കന്നുകാലിക്കുടൽ കടത്ത്; പ്രതികളായ ബംഗാൾ സ്വദേശികൾ കാസർകോട് പൊലീസിന്റെ പിടിയിൽ

കാസർകോഡ്: പതിനഞ്ച് ലക്ഷം രൂപയുടെ കന്നുകാലിക്കുടൽ കടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സെയ്ദുൽ, റബിയുൾ എന്നിവർ അറസ്റ്റിൽ. ഇരുവരെയും കാസർകോട് പൊലീസ് തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍നിന്നാണ് പിടികൂടിയത്.

അതേസമയം കന്നുകാലികളുടെ കുടല്‍ ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും ചരക്ക് മോഷ്ടിച്ച് കടത്തിയതിനാണ് ഇവർ അറസ്റ്റിലായത്. തുടർന്ന് ഇവരിൽ നിന്നും രണ്ടരലക്ഷം രൂപയുടെ മോഷണമുതലും അമ്പതിനായിരം രൂപയും കണ്ടെടുത്തു.

ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് കാസര്‍കോട്ടെ സ്ഥാപനത്തില്‍ നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടലുകള്‍ മോഷണംപോയത്. മാത്രമല്ല സ്ഥാപനത്തിലെ തൊഴിലാളികളായ ആറ് അസം സ്വദേശികളെയും അന്നേദിവസം മുതല്‍ കാണാതായിരുന്നു.

ഇവർക്കൊപ്പം സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാണാതായിരുന്നു. തുടര്‍ന്ന് ഉടമകള്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ബൈക്കുകൾ കണ്ടെത്തുകയും ചെയ്‌തു.

ബൈക്കുകള്‍ കണ്ടെത്തിയത് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ്. ഇതോടെ നടത്തിയ അന്വേഷണത്തിൽ ദിണ്ടിക്കലില്‍ കന്നുകാലിക്കുടലുകള്‍ കയറ്റി അയക്കുന്ന വ്യാപാരം ചെയ്യുന്നയാളാണ് സെയ്ദുലെന്ന് പൊലീസ് കണ്ടെത്തി. ഇതിനു പിന്നാലെ ഇയാളെയും കൂട്ടാളിയായ റബിയുലിനെയും വാണിയമ്പാടിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.

Related Articles

Latest Articles