Monday, January 12, 2026

ജാഗ്രത: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികളുടെ എണ്ണം ഏഴായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് എറണാകുളത്ത് മടങ്ങിയെത്തിയ ദമ്പതികൾക്കാണ് രോഗം കണ്ടെത്തിയത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യുഎഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

എന്നാൽ ഭർത്താവിന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറുപേരുണ്ട്. ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാൾ മാത്രം. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവർ ഏഴായി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി. അതില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Related Articles

Latest Articles