ദില്ലി: രാജ്യത്ത് ഒമിക്രോണ്‍ (Omicron) പടരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 41 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന. ഒമിക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും.
ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ് എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. രാജ്യത്ത് റിപോര്‍ട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാത്തലമുള്ള രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നത്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു
ഒമിക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. നവംബര്‍ എട്ടിനാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇപ്പോൾ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

