Tuesday, October 27, 2026

“പുതിയ ചർമ്മം വച്ചുപിടിപ്പിക്കും”; ക്യാപ്റ്റൻ വരുൺ സിങിന് പുതുജീവൻ നല്കാൻ സജ്ജീകരണങ്ങളൊരുക്കി ബെംഗളൂരു മെഡിക്കൽ കോളേജ്

ബംഗളുരു: ക്യാപ്റ്റൻ വരുൺ സിങിന് (Captain Varun Singh) പുതുജീവൻ നല്കാൻ സജ്ജീകരണങ്ങളൊരുക്കി ബെംഗളൂരു മെഡിക്കൽ കോളേജ്. തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമ്മം വച്ചു പിടിപ്പിക്കുകയാണ്. ഇദ്ദേഹത്തിന് വച്ചു പിടിപ്പിക്കാനുള്ള സ്‌കിൻ ഗ്രാഫ്റ്റ് ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) സ്‌കിൻ ബാങ്ക് ആണ് കൈമാറിയത്. നിലവിൽ വ്യോമസേന കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയാണ് വരുൺ സിങ്. ഹെലികോപ്റ്ററിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 12 പേരും അപകടത്തിൽ മരിച്ചിരുന്നു. വരുൺ സിങ്ങിന്റെ ജീവൻ നിലനിർത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചർമ്മം വച്ചു പിടിപ്പിക്കാനുള്ള സാധ്യത തേടുന്നത്.

നിലവിൽ എത്തിച്ച സ്‌കിൻ ഗ്രാഫ്റ്റ് അദ്ദേഹത്തിന് വച്ച് പിടിപ്പിച്ചതിന് ശേഷം കൂടുതൽ ആവശ്യമാണെങ്കിൽ അത് മുംബൈയിലെയോ, ചെന്നൈയിലെയോ സ്‌കിൻ ബാങ്കുകളിൽ നിന്ന് വാങ്ങാനാണ് തീരുമാനം.
എന്നാൽ ഇപ്പോൾ എത്തിച്ചിരിക്കുന്ന ചർമ്മം ഉടൻ വച്ചുപിടിപ്പിക്കാനാകില്ലെന്ന് സീനിയർ പ്ലാസ്റ്റിക് സർജനായ ഡോ.ഗുണശേഖർ വുപ്പുലപതി പറഞ്ഞു. ചില രാസപ്രക്രിയകളിലൂടെയാണ് ചർമ്മം സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ ഇത് ഉടൻ വരുൺസിങ്ങിൽ വച്ച് പിടിപ്പിക്കാനാകില്ല. ഇതിന് എട്ട് ആഴ്ച വരെയെങ്കിലും സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles