Monday, May 20, 2024
spot_img

തിരുവനന്തപുരത്ത് തുറന്ന ജയിലിൽ നിന്ന് തടവുകാര്‍ ജയില്‍ ചാടിയതില്‍ അധികൃതര്‍ക്കും പങ്കോ? തടവു ചാടിയത് വധശിക്ഷ വിധിച്ച പ്രതി ഉൾപ്പെടെ രണ്ട് കൊടും കുറ്റവാളികൾ; കൊവിഡ് മറയിൽ ഇരുവരേയും ഓപ്പൺ ജയിലിൽ എത്തിച്ചത് ചട്ടങ്ങൾ കാറ്റിൽ പറത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ തുറന്ന ജയിലിൽ നിന്ന് രണ്ടു തടവുകാര്‍ ജയില്‍ ചാടി. ഏഴു വർഷം മുൻപ് തിരുവനന്തപുരം പ്രിൻസിപ്പൾ കോടതി വധശിക്ഷ വിധിച്ച പ്രതി ഉൾപ്പെടെ രണ്ട് കൊടും കുറ്റവാളികളാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കൊടും കുറ്റവാളികളായ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസൻ എന്നിവരാണ് രക്ഷപ്പെട്ടത്.

അതേസമയം സംഭവത്തില്‍ ജയിൽ അധികൃതർക്ക് ബന്ധമുണ്ടോയെന്ന സംശയം ശക്തമാകുകയാണ്. പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയേയും മറ്റൊരു ജീവപര്യന്തം തടവുകാരനേയും ഓപ്പൺ ജയിലിൽ എത്തിച്ചത് കൊവിഡ് മറയാക്കിയായിരുന്നു. ചുറ്റുമതിലോ നിയന്ത്രണങ്ങളോ ഇല്ലാത്ത തുറന്ന ജയിലിൽ പാർപ്പിച്ചിരിക്കുന്നത് എഴുപത്തഞ്ചോളം കൊടും കുറ്റവാളികളെ ആണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്രതികളുടെ തടവു ചാട്ടത്തിൽ ജയിൽ അധികൃതർക്ക് ബന്ധമുണ്ടോയെന്ന സംശയം ഉയരുകയാണ്.

കൊവിഡ് പടർന്ന് പിടിച്ചപ്പോൾ ഓപ്പൺ ജയിലിലെ സ്ഥിരം തടവുകാർക്ക് പരോൾ നൽകിയതിനെ തുടർന്നുണ്ടായ പ്രതി സന്ധി പരിഹരിക്കാനാണ് തടവുകാരുടെ സ്വഭാവമോ നല്ല നടപ്പോ പരിഗണിക്കാതെ 75 ഓളം തടവുകാരെ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ എത്തിച്ചത്. ജയിൽ വകുപ്പിനെ നയിക്കുന്നത് ഡിജിപിയായ ഋഷിരാജ് സിംഗാണ്. എന്നിട്ടും ഇത്തരം വീഴ്ചകൾ എങ്ങനെ ഉണ്ടായി എന്നതാണ് ഉയരുന്ന ചോദ്യം. കൃഷിയും മൃഗപരി പാലനവുമാണ് ചുമതല. പുറം ലോകവുമായി ദിവസവും ബന്ധപ്പെടാൻ കഴിയുന്ന ഈ തടവുകാർക്ക് രക്ഷപ്പെടാൻ ജയിലിനുള്ളിൽ നിന്നും പുറത്തു നിന്നും സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം. അര്യ കൊലപാതക കേസിൽ 7 വർഷം മുൻപ് വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെയടക്കം ഇത്ര ലാഘവമായി ജയിൽ അധികൃതർ കൈകാര്യം ചെയ്തത് വിമർശനത്തിന് ഇടവെച്ചിട്ടുണ്ട് . സാധാരണ ഗതിയിൽ തുറന്ന ജയിലിലേക്ക് ഒരു തടവുകാരനെ മാറ്റണമെങ്കിൽ അയാളുടെ സ്വഭാവം , കേസ് , പെരുമാറ്റം ഇതെല്ലാം പഠന വിധേയമാക്കിയ ശേഷമാണ് നടപടി സ്വീകരിക്കുന്നത്.എന്നാൽ ഈ പ്രതിയുടെ കാര്യത്തിൽ അതുണ്ടായില്ല. ഇത് ദുരൂഹമാണ്.

അതേസമയം ചാടിപ്പോയ പ്രതികൾക്കായി ജയിൽ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ്പ്രതിയായ ഓട്ടോ ഡ്രൈവർ രാജേഷിന് 2013 ൽ വധശിക്ഷ വിധിച്ചത്.

Related Articles

Latest Articles