Friday, January 9, 2026

അനന്ത്‌നാഗിലെ കൊക്കർനാഗ് വനത്തിൽ രണ്ട് സൈനികരെ കാണാതായി; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ കൊക്കർനാഗ് വനമേഖലയിൽ ഭീകരർക്കായി നടത്തിയ തിരച്ചിൽ ഓപ്പറേഷനിടെ രണ്ട് സൈനികരുമായി ആശയവിനിമയം നഷ്ടപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ദൗത്യം സൈന്യം ആരംഭിച്ചു.

ആർമിയിലെ പ്രത്യേക പാരാ യൂണിറ്റിലെ അംഗങ്ങളാണ് കാണാതായ രണ്ട് സൈനികരെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള ഗാഡൂൾ വനമേഖലയിൽ വെച്ച് ഇവറുമായുള്ള ആശയവിനിമയ ബന്ധം നിലച്ചത്.

ഇവരെ കാണാതായ ഈപ്രദേശം നിബിഡമായ വനങ്ങളാലും ആഴമേറിയ മലയിടുക്കുകളാലും കുത്തനെയുള്ള ചരിവുകളാലും നിറഞ്ഞതാണ്. തിങ്കളാഴ്ച വൈകുന്നേരം ഈ മേഖലയിൽ കാര്യമായ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു എന്നതും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.

സൈനികർക്ക് ആശയവിനിമയം നഷ്ടപ്പെട്ട സാഹചര്യം വ്യക്തമല്ല. എങ്കിലും, ഗാഡൂൾ വനങ്ങൾ മുൻപ് ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമാണ്. 2023-ൽ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ദോഞ്ചാക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി) ഹുമയൂൺ മുസാമിൽ എന്നിവരടക്കം കൊല്ലപ്പെട്ട ഏറ്റുമുട്ടൽ നടന്നതും ഇതേ വനമേഖലയിലായിരുന്നു. ജയ്ഷെ മുഹമ്മദ്, ലഷ്‌കർ ഭീകരർ മുൻപ് ഈ വനങ്ങളിൽ താവളമുറപ്പിച്ചിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.

കാണാതായ സൈനികരെ കണ്ടെത്താനായി സൈന്യത്തിന്റെ വൻ സംഘത്തെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. വനത്തിന്റെ “ഓരോ ഇഞ്ചിലും” സൂക്ഷ്മമായ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles