Sunday, January 4, 2026

ചാറ്റിങ്ങിനെ ചൊല്ലി തർക്കം; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ മാട്ടൂലിൽ ചാറ്റിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സാജിദിന്‍റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്‍റെ സഹോദരൻ ഫോണിൽ മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതി സാജിദിന്‍റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്‍റെ സഹോദരൻ മെസേജ് അയച്ചതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പെൺകുട്ടിക്ക് മെസേജ് അയച്ചതിന് ഹിഷാമിന്‍റെ സഹോദരനെ സാജിദും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചിരുന്നു. ഇത് ചോദിക്കാനായി രാത്രിയോടെ ഹിഷാമും മറ്റൊരു സഹോദരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് സാജിദിന്‍റെ വീടിനടുത്ത് എത്തുകയായിരുന്നു. ആദ്യം ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് സാജിദ് കത്തി ഉപയോഗിച്ച് ഹിഷാമിനെ കുത്തുകയായിരുന്നു.

പരിക്കേറ്റ ഹിഷാമിന്‍റെ സുഹൃത്ത് ഷക്കീബ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പഴയങ്ങാടി പോലീസ് സാജിദിനെയും ബന്ധുവായ റംഷാദിനെയും കസ്റ്റഡിയിലെടുത്തു. വാക്കേറ്റത്തിനിടെ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പഴയങ്ങാടി പോലീസ് അറിയിച്ചു.

Related Articles

Latest Articles