Sunday, May 5, 2024
spot_img

പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ശബരിനാഥന്റെ ചാറ്റ് ചോര്‍ന്നതില്‍ അച്ചടക്ക നടപടി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ അച്ചടക്ക നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി കയറിയ വിമാനത്തിനകത്ത് പ്രതിഷേധിക്കാന്‍ ശബരിനാഥന്‍ നിര്‍ദേശം നല്‍കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിനാഥനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ചില ഉന്നതരുടെ നിര്‍ദേശപ്രകാരമാണ് ഈ രണ്ട് നേതാക്കളെ മാത്രം സസ്‌പെന്‍ഡ് ചെയ്തത് എന്ന പരാതിയാണ് സംഘടനയ്ക്കുള്ളില്‍ നിന്നും ഉയരുന്നത്. സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് കെ എസ് ശബരിനാഥന്‍ അറസ്റ്റിലാകുന്നത്. കെ എസ് ശബരിനാഥന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ് ശബരിനാഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Latest Articles