Saturday, May 4, 2024
spot_img

സ്റ്റോപ്പ് ചൈന സ്റ്റോപ്പ് !! മെയ്ഡ് ഇൻ ചൈന ഫോക്‌സ്‌വാഗൺ ഇലക്ട്രിക് കാർ ഇറക്കുമതിയും രജിസ്‌ട്രേഷനും നിരോധിച്ച് യു.എ.ഇ

ചൈനയില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി താത്കാലികമായി നിര്‍ത്തിവെച്ചുവെന്ന് യു.എ.ഇ വൃത്തങ്ങൾ അറിയിച്ചു. ചട്ടവിരുദ്ധമായി അനധികൃത ചാനലുകള്‍വഴി കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ തുടര്‍ന്നാണ് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. മാത്രമല്ല ഇവയുടെ രജിസ്‌ട്രേഷനും തടയും.

പുനര്‍കയറ്റുമതിക്കായി യു.എ.ഇ.യില്‍ ഇറക്കുമതി ചെയ്ത വാഹനങ്ങളെയും നേരത്തേ വാങ്ങിയ വാഹനങ്ങളെയും നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അല്‍ നബൂദ ഓട്ടോമൊബൈല്‍സാണ് രാജ്യത്തെ ഫോക്‌സ്‌വാഗണിന്റെ ഔഗ്യോഗിക വിതരണക്കാര്‍ .എന്നാൽ ഇവരിലൂടെയല്ലാതെ രാജ്യത്തെത്തുന്ന ഇത്തരം കാറുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ അനധികൃതമായി ഇറക്കുമതി ചെയ്ത നൂറിലേറെ കാറുകള്‍ നിലവില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഫോക്‌സ്‌വാഗണിന്റെ ഐ.ഡി 4 പ്രോ ക്രോസ്, ഐ.ഡി. 6 കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാല്‍ ഇവക്ക് കമ്പനിയുടെ ഔദ്യോഗിക വാറന്റിയില്ലെന്ന് ഫോക്‌സ്‌വാഗണ്‍ അധികൃതര്‍ വ്യക്തമാക്കി. ഈ കാറുകള്‍ യു.എ.ഇ.യില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. രാജ്യത്തെ ചൂട് കൂടിയ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്ന് പരിശോധിച്ചിട്ടുമില്ല.

അതുകൊണ്ടാണ് ഇറക്കുമതിക്ക് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനത്തെ ഫോക്‌സ്‌വാഗണും അല്‍ നബൂദ ഓട്ടോമൊബൈല്‍സും അനുകൂലിച്ചു. വാഹനത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കി അംഗീകൃത രീതിയിലൂടെ മാത്രമേ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Latest Articles