Tuesday, May 7, 2024
spot_img

ബ്ലാസ്റ്റേഴ്‌സ് രണ്ടും കൽപ്പിച്ചു തന്നെ !! സൂപ്പർ കപ്പിനിറങ്ങുക സീനിയർ ടീം; ലക്ഷ്യം എഎഫ്സി കപ്പ് യോഗ്യത

കൊച്ചി : സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം തന്നെ കളത്തിലിറങ്ങുമെന്ന് കേരള ബ്ലാസ്റ്റേർസ് സ്പോർടിങ് ഡയറക്ടര്‍ കരോലിസ് സ്കിൻകിസ് വ്യക്തമാക്കി. സൂപ്പർ കപ്പിലൂടെ എഎഫ്സി കപ്പിലേക്കുള്ള യോഗ്യതയാണ് ടീം ലക്ഷ്യമിടുന്നത്. നാട്ടിലേക്ക് പോയ വിദേശ താരങ്ങൾ അവധിക്കു ശേഷം ടീമിനൊപ്പം ചേരും.

‘‘മാർച്ച് 25 ഓടെ താരങ്ങൾ ടീമിനൊപ്പം ചേരും. തുടർന്ന് സൂപ്പർ കപ്പിനായുള്ള തയാറെടുപ്പുകൾ തുടങ്ങും. സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടുകളുടെ അവസ്ഥയിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കയുണ്ട്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ നില മോശമാണ്. സൂപ്പർ കപ്പ് ഗോവയിൽവച്ചു നടത്താമായിരുന്നു. കാരണം ഗോവയിൽ മികച്ച സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളുമുണ്ട്.’’– കരോലിസ് സ്കിൻകിസ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് റൗണ്ടിൽ ബെംഗളൂരു എഫ്സിയോടു വിവാദ ഗോളിൽ തോറ്റാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ ഫ്രീ കിക്ക് ഗോളിലാണ് ബെംഗളൂരു മത്സരം സ്വന്തമാക്കിയത്. തങ്ങൾ തയാറാകുന്നതിനു മുൻപേ ഗോൾ വലയിലാക്കിയതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധം അറിയിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.

സൂപ്പർ കപ്പിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ്, ബെംഗളൂരു എഫ്സി എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണു കേരള ബ്ലാസ്റ്റേഴ്സ്. സൂപ്പർ കപ്പ് ഫുട്ബോളിന്റെ കിക്കോഫ് ഏപ്രിൽ 3നാണ്. കോഴിക്കോടും മഞ്ചേരി പയ്യനാട് സ്റ്റേഡിയവുമാണ് വേദികൾ. ഏപ്രിൽ 16ന് കോഴിക്കോട് വച്ചാണ് ഫുട്‍ബോൾ ആരാധകർ ഉറ്റുനോക്കുന്ന ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു എഫ്സി പോരാട്ടം.

Related Articles

Latest Articles