Wednesday, May 1, 2024
spot_img

ഉദയ്പൂർ കൊലക്കേസ്; പിന്നിൽ ഭീകരവാദ സംഘടന ? എൻഐഎ സംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും, സംഘർഷാവസ്ഥ തുടരുന്നു

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം അന്വേഷിക്കാൻ എൻഐഎ സംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നിലവിൽ കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരമൊരു നിഗമനം കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും അന്വേഷണം നടത്തുക.

അതേസമയം, കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പോലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെ കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമന്ദ് ജില്ലയിലെ ഭീം മേഖലയിൽ നിന്നാണ് രണ്ട് പ്രതികളെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കൊലയാളികളിൽ ഒരാൾ മുഹമ്മദ് റിയാസ് അട്ടാരിയാണ്. മറ്റൊരാൾ ഗൗസ് മുഹമ്മദാണ്. ഉദയ്പൂരിലെ സൂരജ്പോളിലെ താമസക്കാരാണ് ഇരുവരും.

ജൂൺ 17 ന് മുഹമ്മദ് റിയാസ് കനയ്യലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഉദയ്പൂരിലെ സോഷ്യൽ മീഡിയകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇയാളുടെ വീഡിയോ വൈറലായി. സംരക്ഷണം ആവശ്യപ്പെട്ട് കനയ്യ ലാൽ പോലീസിനോട് അപേക്ഷിച്ചിരുന്നു. ഭീഷണിയെ തുടർന്ന് ആറ് ദിവസമായി ഇയാൾ കട തുറന്നില്ല, എന്നാൽ ഇന്നലെ കട തുറന്നപ്പോൾ റിയാസും ഗൗസും ഭീഷണിപ്പെടുത്തിയത് പോലെ ക്രൂരമായി തല അറുത്തുമാറ്റി കൊല്ലുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്. രാജസ്ഥാനിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ നിര്‍ദ്ദേശിച്ചു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തി.

Related Articles

Latest Articles