ദില്ലി : മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാര്‍ രൂപീകരണവിഷയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങൾ നേരിടാതെയാണ് ഉദ്ധവ് സർക്കാർ രാജിവച്ചതിനാൽ ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരണത്തെ പിന്തുണച്ച ഗവർണറുടെ നടപടി ന്യായീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാർ രാജിവയ്ക്കുന്നതിന് മുന്നേ വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ടായ പ്രതിസന്ധിയുമായി സംബന്ധിച്ച് ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിൽ ആണ് വിധി. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് അനുസൃതമായല്ലെന്നും ഗവർണർ കത്തിനെ മാത്രം ആശ്രയിച്ച് തീരുമാനം എടുക്കരുതായിരുന്നെന്നും കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ നഷ്ടമായെന്ന് വ്യക്തമാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഷിൻഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയത് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഷിൻഡെ ഉൾപ്പെടെയുള്ളവരെ അയോഗ്യരാക്കുകയും ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നു വിധിക്കുകയും ചെയ്താൽ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ രാജിവയ്ക്കുന്നതിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഉദ്ധവിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

