Friday, April 26, 2024
spot_img

മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങി ഉദ്ധവ് താക്കറെ; 12.30-യ്ക്ക് വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടക്കും

മഹാരാഷ്ട്ര: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവേ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. 12.30-യ്ക്ക് വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ്. രാജിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചയാണിതെന്നാണ് വിലയിരുത്തൽ.അതേസമയം പാർട്ടി പിടിച്ചെടുക്കാൻ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ നീക്കം തുടങ്ങി. 38 ശിവസേന എംഎൽഎമാർ ഉൾപ്പെടെ 42 നിയമസഭാ സാമാജികർ ഗുവാഹത്തിയിലെ ഷിൻഡെ ക്യാമ്പിലുണ്ട്. അഞ്ച് ശിവസേന എംപിമാരും എംഎൽഎമാർക്ക് പുറമെ ഷിൻഡെ ക്യാമ്പിലുണ്ട്. അതേസമയം ശിവസേനയുടെ ചിഹ്നം അടക്കം നേടി പാർട്ടിയുടെ ഔദ്യോഗികപക്ഷമാകാൻ ഒരുങ്ങുകയാണ് വിമതർ. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നും, ചിഹ്നം തങ്ങൾക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതർ സമീപിക്കും.

അതേസമയം ഗുവാഹത്തിയിലെ ഹോട്ടലിൽ നാടകീയമായ നീക്കങ്ങളാണ് അരങ്ങേറുന്നത്. അസമിലെ മന്ത്രി അശോക് സിംഘാൽ ഹോട്ടലിലെത്തി എംഎൽഎമാരെ കാണുകയാണ്. അതേസമയം, ഈ സമയത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രളയത്തിൽ അസമടക്കമുള്ള സംസ്ഥാനങ്ങൾ ദുരിതത്തിലായ കാലത്തും കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നാണ് തൃണമൂൽ കോൺഗ്രസിൻറെ ആരോപണം. കനത്ത സുരക്ഷയിലുള്ള ഹോട്ടലിൻറെ പരിസരത്ത് എത്തിയപ്പോൾത്തന്നെ സ്ത്രീകളടക്കമുള്ള തൃണമൂൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ ക്യാമ്പിലുള്ള 20ഓളം എംഎൽഎമാർ മുംബൈയിലേക്ക് മടങ്ങിയെത്തുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഉദ്ദവ് താക്കറേ സർക്കാർ താഴെ വീണേക്കും എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. ‘ഞാൻ ഒരു ക്യാമ്പിനെ കുറിച്ചും പറയുന്നില്ല. ഞാൻ എന്റെ പാർട്ടിയെ കുറിച്ചാണ് പറയുന്നത്. ഈ ദിവസങ്ങളിലും പാർട്ടി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 20ഓളം എംഎൽഎമാർ ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്. അവർ മുംബൈയിലേക്ക് മടങ്ങി വരും. അപ്പോൾ നിങ്ങൾക്കറിയാം ഏത് സാഹചര്യത്തിലാണ്, സമ്മർദ്ദത്തിലാണ് ഈ എംഎൽഎമാർ പോയതെന്ന്’, സഞ്ജയ് റാവത്ത് അറിയിച്ചു .

Related Articles

Latest Articles