Monday, September 21, 2026

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തേക്കും

തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വൻ ജനപങ്കാളിത്തത്തോടെ, ആവേശം ഒട്ടും ചോരാതെ വിപുലമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അതിഥികളായെത്തും. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ഇക്കാര്യത്തിൽ സർക്കാർ വൃത്തങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, തിങ്കളാഴ്ച രാവിലെ അദ്ദേഹം തലസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് സൂചന. ചടങ്ങിൽ പങ്കെടുത്ത് ഉടൻതന്നെ മടങ്ങുമെന്നും അനൗദ്യോ​ഗികമെന്ന വിവരമുണ്ട്. അതുകൊണ്ട് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

സത്യപ്രതിജ്ഞാ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഏകദേശം 30,000 പേർക്ക് ഇരിക്കാൻ ശേഷിയുള്ള കൂറ്റൻ പന്തലാണ് ഒരുങ്ങുന്നത്. പത്തു വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫ് പ്രവർത്തകർ. ചടങ്ങ് വൻ വിജയമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് മുന്നണി നേതൃത്വവും ഉദ്യോഗസ്ഥരും.

Related Articles

Latest Articles