ദില്ലി: റഷ്യ- യുക്രൈൻ യുദ്ധം തുടരുകയാണ്. ലോകത്തെ മുഴുവൻ ജനങ്ങളെയും ആശങ്കയിലാക്കി റഷ്യ യുക്രൈനിൽ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ്. ഈ അവസരത്തിൽ ഇന്ത്യ നിലപാട് പ്രഖ്യാപിച്ചു. റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗാണ് ഇന്ത്യയുടെ നിലപാടറിയിച്ചത്. നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ഇന്ത്യ നേരത്തെയും നിഷ്പക്ഷ നിലപാടാണ് ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും സ്വീകരിച്ചിരുന്നത്. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യർത്ഥിച്ചു. വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളറിയിച്ചു.

