ദില്ലി: യുക്രെയ്ൻ (Ukraine) രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഹംഗറിയിൽനിന്നും ദില്ലിയിലേക്ക് വരാനിരുന്ന വിമാനം വയ്ക്കുമെന്ന് റിപ്പോർട്ട്. നേരത്തെ 11 മണിയോടെ വിമാനം ദില്ലിയിലേക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ മാത്രമേ തിരികെയെത്തൂ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്.
അതേസമയം ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വിജയകരമായി കുതിക്കുന്നു. മലയാളികളുൾപ്പെടെ 249 ഇന്ത്യക്കാരുമായി റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി. ഇതിൽ 12 പേർ മലയാളികളാണ്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. അതേസമയം യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേർന്നിരുന്നു.

