Saturday, May 11, 2024
spot_img

കാലിടറാതെ മുംബൈ ; ലക്നൗവിന് 183 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 183 റണ്‍സെന്ന സാമാന്യം ഉയർന്ന വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തത്.

നിർണ്ണായക മത്സരത്തിൽ ഓപ്പണർമാർക്ക് കാര്യമായി തിളങ്ങാനായില്ല 10 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും 12 പന്തില്‍ നിന്ന് 15 റണ്‍സുമായി സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും ഇന്ന് നിരാശപ്പെടുത്തി.

എന്നാൽ കാമറൂണ്‍ ഗ്രീനിനൊപ്പം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ മുംബൈ സ്‌കോർ ബോർഡ് ചലിക്കാനാരംഭിച്ചു. എന്നാല്‍ 20 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 33 റണ്‍സെടുത്ത് ഫോമിലായ സൂര്യകുമാറിനെ നവീന്‍ ഉള്‍ ഹഖ് പുറത്താക്കി. പിന്നാലെ ഓവറിലെ അവസാന പന്തില്‍ ഗ്രീനും പുറത്തായതോടെ മുംബൈ ആരാധകർ ഞെട്ടിത്തരിച്ചു. 23 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 41 റണ്‍സെടുത്താണ് ഗ്രീന്‍ മടങ്ങിയത്.

തുടര്‍ന്നിറങ്ങിയ യുവതാരം തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് സ്‌കോര്‍ 148 വരെയെത്തിച്ചു. 17-ാം ഓവറില്‍ 13 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ഡേവിഡ് മടങ്ങി . പിന്നാലെ ഇംപാക്റ്റ് പ്ലെയറായെത്തിയ നെഹാല്‍ വധേരയെ കൂട്ടുപിടിച്ച് തിലക് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 18-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിന്റെ പന്തിൽ പുറത്തായി . 22 പന്തില്‍ നിന്ന് രണ്ട് സിക്‌സടക്കം 26 റണ്‍സെടുത്താണ് തിലക് മടങ്ങിയത്. 12 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈ സ്‌കോര്‍ 182-ല്‍ എത്തിച്ചത്.

നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ പേസർ നവീന്‍ ഉള്‍ ഹഖ് ലക്നൗവിനായി ബൗളിങ്ങില്‍ തിളങ്ങി. യാഷ് താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related Articles

Latest Articles